പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ നാമനിർദേശപത്രിക സമർപ്പിച്ചു
തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി
പുതുപ്പള്ളി: പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശപത്രിക സമർപ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിൽ എത്തി ഉപവരണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. നരേന്ദ്രമോദി സർക്കാറിന്റെ വികസനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാകും മുന്നോട്ടുവയ്ക്കുക എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇടതു സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.
മള്ളിയൂർ ക്ഷേത്രത്തിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥി ഇന്നത്തെ ദിനം ആരംഭിച്ചത്. തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയിൽ നിന്നും തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷോയിൽ ദേശീയ - സംസ്ഥാന നേതാക്കളും സ്ഥാനാർഥിയെ അനുഗമിച്ചു.
പള്ളിക്കതോട്ടിൽ റോഡ് ഷോ അവസാനിപ്പിച്ച് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം കാൽനടയായാണ് ലിജിൻ പത്രിക സമർപ്പണത്തിന് എത്തിയത്. മാസപ്പടി വിവാദവും മിത്ത് വിവാദവും പുതുപ്പള്ളിയിൽ ചർച്ചയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു
ഇടതു സ്ഥാനാർഥി ജെയ്ക്ക് സി തോമസ് രാവിലെ മുതൽ ഭവന സന്ദർശനത്തിൻ്റെ തിരക്കിലായിരുന്നു. മീനടത്തും മണർകാടും വിവാഹച്ചടങ്ങുകളിലും മരണവീടുകളിലും സ്ഥാനാർഥിയെത്തി.
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു.