അർച്ചനക്കെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പൂജാരിക്ക് എട്ട് വർഷം കഠിനതടവ്
പ്രാണിക് ഹീലിങ് ചികിത്സയാണ് താൻ നടത്തിയത് എന്നായിരുന്നു വിചാരണക്കിടെ പ്രതിയുടെ വാദം.
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷക്ക് മുന്നോടിയായി ക്ഷേത്രത്തിൽ അർച്ചന നടത്താനെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിനതടവും 35,000 രൂപ പിഴയും. ബാലരാമപുരം പെരിങ്ങമ്മല സ്വദേശി മണിയപ്പൻ പിള്ളയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ജാതകം നോക്കാനാണെന്ന് പറഞ്ഞ് ക്ഷേത്രത്തിനുള്ളിലെ ഓഫീസിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
പ്രാണിക് ഹീലിങ് ചികിത്സയാണ് താൻ നടത്തിയത് എന്നായിരുന്നു വിചാരണക്കിടെ പ്രതിയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് അതീവ ഗൗരവമാണെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. ഫോർട്ട് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.