തൃശൂരിൽ നിറഞ്ഞാടി പുലികൾ; രണ്ട് വർഷം അടക്കിവച്ച ആവേശം തിരിച്ചുപിടിച്ച് ജനം

ഓറഞ്ചും മഞ്ഞയും കൂടാതെ കറുപ്പും ചുവപ്പും നീലയും പച്ചയുമുൾ‍പ്പെടെ വ്യത്യസ്ത നിറങ്ങളിലുള്ള പുലികളാണ് ഇത്തവണ ഇറങ്ങിയിട്ടുള്ളത്. വരയും പുള്ളിയുമായി പലതരം ഡിസൈനുകളും പുലികളുടെ ശരീരത്തിൽ കാണാം. എൽ‍.ഇ.ഡി ബൾ‍ബുകൾ ഘടിപ്പിച്ച പുലികളുമുണ്ട്.

Update: 2022-09-11 12:43 GMT
Advertising

തൃശൂർ: കോവിഡ് കവർന്ന രണ്ട് വർഷം അടക്കിവച്ച ആവേശം പൂർണാർഥത്തിൽ പുറത്തെടുത്ത് തൃശൂരിൽ നിറഞ്ഞാടി പുലികൾ. രാവിലെ മുതൽ‍ തൃശൂർ നഗരം പുലിക്കളി ആവേശത്തിലാണ്. വൈകീട്ടോടെ ന​ഗരത്തിലിറങ്ങിയ ഓരോ സംഘവും പ്രധാന ചടങ്ങ് നടക്കുന്ന സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങി. വൈകീട്ട് അഞ്ചോടെ ആദ്യം സംഘം പുലികൾ സ്വരാജ് റൗണ്ടിലെത്തി.

പൂങ്കുന്നം ദേശക്കാരാണ് ആദ്യമെത്തിയത്. ഇവർ ഇവിടെയെത്തി തേങ്ങയുടച്ച് നൃത്തച്ചുവടുകൾ വച്ചു. ഇവരെ കൂടാതെ വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍, ശക്തന്‍ എന്നി മടകളിൽ നിന്നുള്ള പുലികളാണ് പുലിക്കളിക്കുള്ളത്. ആയിരക്കണക്കിനു പേരാണ് പുലിക്കളി കാണാൻ‍ തടിച്ചുകൂടിയിരിക്കുന്നത്.

തൃശൂർ‍പൂരത്തിൽ ഓരോ വർഷവും കുടമാറ്റത്തിൽ അവംലംബിക്കുന്നതു പോലെ പുലിക്കളിയിലും നിറയെ വ്യത്യസ്തതകൾ കൊണ്ടുവന്നിട്ടുണ്ട്. ഓറഞ്ചും മഞ്ഞയും കൂടാതെ കറുപ്പും ചുവപ്പും നീലയും പച്ചയുമുൾ‍പ്പെടെ വ്യത്യസ്ത നിറങ്ങളിലുള്ള പുലികളാണ് ഇത്തവണ ഇറങ്ങിയിട്ടുള്ളത്. വരയും പുള്ളിയുമായി പലതരം ഡിസൈനുകളും പുലികളുടെ ശരീരത്തിൽ കാണാം. എൽ‍.ഇ.ഡി ബൾ‍ബുകൾ ഘടിപ്പിച്ച പുലികളുമുണ്ട്.

20 മിനിറ്റാണ് ഓരോ സംഘത്തിനും പ്രകടനത്തിന് അനുവദിച്ചിരിക്കുന്ന സമയം. ഓരോ സംഘവും സ്വരാജ് റൗണ്ടിലെത്തി ചുവടുവയ്ക്കും. അഞ്ച് ദേശങ്ങളിൽ നിന്നുള്ള 250 പുലികളാണ് പുലിക്കളിക്കുള്ളത്. സ്വരാജ് റൗണ്ടിലെ പ്രകടനം കഴിഞ്ഞ ശേഷം പാറമേക്കാവിലേക്കും തെക്കേഗോപുര നടയിലും തുടർന്ന് മണികണ്ഠനാലിലും ചുവടുവയ്ക്കും. ശേഷം വീണ്ടും സ്വരാജ് റൗണ്ട് കറങ്ങി നായ്ക്കനാലിലെത്തി ചുവടുവച്ച് മടങ്ങും.

ഈ കേന്ദ്രങ്ങളിലെല്ലാം നിരവധി പേരാണ് പുലിക്കളി കാണാനായി ആവേശത്തോടെ നിൽക്കുന്നത്. രാവിലെ മുതൽ പുലികളെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങിയിരുന്നു. 50,000 രൂപയാണ് പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്കുള്ള സമ്മാനത്തുക. പുലിക്കളിക്കൊപ്പം നിരവധി നിശ്ചലദൃശ്യങ്ങളും അകമ്പടിയായുണ്ട്. ഓരോ പുലിക്കളി സം​ഘത്തിനുമൊപ്പം ആ ദേശക്കാർ‍ മുഴുവൻ‍ സ്വരാജ് റൗണ്ടിലേക്ക് എത്തുകയാണ്.

പുലിക്കളിക്കൊപ്പം പുലിത്തെയ്യവും ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടുന്നു. പൂരം കഴിഞ്ഞാൽ‍ തൃശൂർ ന​ഗരം ആവേശക്കൊടുമുടിയിൽ എത്തുന്ന സുപ്രധാന ആഘോഷമാണ് പുലിക്കളി. പുരസ്കാര തുകയ്ക്കപ്പുറം വാശിയേറിയ മത്സരമാണ് ഇത്. തിരക്ക് നിയന്ത്രിക്കാനായി നിരവധി പൊലീസുകാരാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News