ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും

എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്

Update: 2021-06-15 02:30 GMT
Advertising

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും. പ്രസവം അകാരണമായി വൈകിപ്പിച്ചതുമൂലം കുഞ്ഞ് മരിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം പരാതിക്കാരിയായ സുജ സുരേഷിനും ഒരു ലക്ഷം രൂപ ഭർത്താവ് സുരേഷിനും നഷ്ടപരിഹാരമായി നൽകണം.

2007 സെപ്തംബർ 27നാണ് പ്രസവത്തിനായി സുജയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 30നാണ് പ്രസവ തിയ്യതി നിശ്ചയിച്ചിരുന്നത്. അവധി ദിനമായിരുന്നതിനാൽ അന്ന് ഡോ.കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം സുജയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചു വാർഡിലേക്ക് മാറ്റി. പനിയും അനുബന്ധ പ്രശ്നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചിട്ടും നോക്കിയില്ലെന്നും വൈകിട്ട് സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്.

ഒക്ടോബർ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതു മൂലം ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന്റെ ശ്വാസകോശത്തിൽ മലവും മാലിന്യങ്ങളും കയറിയെന്നും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കുഞ്ഞ് മരിച്ചെന്നുമാണ് കേസ്. ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും പരിശോധിച്ചു. ഒരു പ്രൊഫഷണൽ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടർ കാണിച്ചില്ലെന്ന് വിലയിരുത്തിയ കോടതി മാപ്പർഹിക്കാത്ത വീഴ്ചയാണ് പ്രതി വരുത്തിയതെന്നും അഭിപ്രായപ്പെട്ടു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News