'പാലക്കാട്ട് ബിജെപിക്ക് കച്ചവടമുറപ്പിച്ചു; ചേലക്കരയിൽ തിരിച്ച് സിപിഎമ്മിനും, ഡീലിന് പിന്നിൽ അജിത് കുമാർ'-പി.വി അൻവർ

'മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന സെക്രട്ടറി ഇന്ന് ചെന്നൈയിൽ പോയി സ്റ്റാലിനെ കാണാൻ ശ്രമിക്കുകയും എന്നെ തള്ളിപ്പറയാൻ ആവശ്യപ്പെടുകയും ചെയ്തു'

Update: 2024-10-06 16:40 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: പാലക്കാട് സീറ്റിൽ ബിജെപിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് പി.വി അൻവർ എംഎൽഎ. ചേലക്കരയിൽ ബിജെപി തിരിച്ച് സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും എഡിജിപി അജിത് കുമാറാണ് ഡീലിനു പിന്നിലെന്നും അൻവർ ആരോപിച്ചു. മലപ്പുറം മഞ്ചേരിയിൽ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴയെ അവഗണിച്ചും പരിപാടിക്കെത്തിയ ജനങ്ങളെയും മാധ്യമപ്രവർത്തകരെയും ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) പ്രവർത്തകരെയും അഭിവാദ്യം ചെയ്തായിരുന്നു അൻവർ പ്രസംഗം തുടങ്ങിയത്. ഭരണകൂടം എന്ന് പറയുന്നത് എല്ലാ ജനതക്കും ഉള്ളതാണെന്ന് അൻവർ പറഞ്ഞു. ഭരണഘടനയിൽ ഭരണപക്ഷ-പ്രതിപക്ഷ എംഎൽഎമാർക്ക് തുല്യ പദവി. ഭരണകക്ഷി എംഎൽഎ എങ്ങനെ സർക്കാരിനെതിരെ പറയുന്നുവെന്നാണ് ഉയർന്ന ചോദ്യം. എന്റെ ഭരണഘടനപരമായ ഉത്തരവാദിത്വമാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ വിവരങ്ങളാണ് ഞാൻ പുറത്തുപറഞ്ഞത്. തൃശൂർപൂരം കലക്കി ബിജെപിക്ക് ലോക്സഭ സീറ്റ് നൽകയെന്നു പരാതി പറഞ്ഞു. എൽഡിഎഫിലെ കക്ഷികളും കേരളം മുഴുവൻ പറഞ്ഞിട്ടും എഡിജിപിയെ മാറ്റിയില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും ഒന്നും ചെയ്തില്ല. പൂരം കലക്കലിൽ എഡിജിപിക്ക് തെറ്റുപറ്റി എന്ന് റിപ്പോർട്ട് ലഭിച്ചു. എന്നിട്ടും നടപടിയില്ല. എസ്‌ഐടി റിപ്പോർട്ട് നൽകിയിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല

ഇന്നലെ വരെ പ്രതികരിച്ച സിപിഐ എവിടെ പോയി? എഡിജിപി അജിത് കുമാറിനെ വിമർശിക്കുന്ന ഒന്നും റിപ്പോർട്ടിൽ ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രിയും പി ശശിയും പ്രതീക്ഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം മുഖ്യമന്ത്രി കെടുത്തി. അജിത് കുമാറിനെയും പി. ശശിയെയും തൊട്ടാൽ എന്ത് സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

ഞാൻ ചെന്നൈയിൽ പോയിരുന്നു. ആർഎസ്എസ് നേതാക്കളെ കാണാനായിരുന്നില്ല ഞാൻ പോയത്. ദ്രാവിഡ മുന്നേറ്റേ കഴകം ഇന്ത്യയിലെ ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന സെക്രട്ടറി ഇന്ന് ചെന്നൈയിൽ പോയി സ്റ്റാലിനെ കാണാൻ ശ്രമിക്കുകയും എന്നെ തള്ളിപ്പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എനിക്ക് ഒരു അത്താണി വേണ്ടേ? അതിനാണ് തമിഴ്‌നാട്ടിൽ പോയത്. അതിന്റെ കടക്കൽ കത്തിവെക്കാൻ ശ്രമിക്കുകയാണ്,.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ എല്ലാമുണ്ട്. അജിത് കുമാർ സ്വന്തം ആളാണെന്ന സൂചനയും അദ്ദേഹത്തിനെതിരെ റിപ്പോർട്ട് നൽകുമ്പോൾ സൂക്ഷിക്കണമെന്ന ധ്വനിയുമുണ്ടായിരുന്നു. എന്നാൽ, ഡിജിപി നൽകിയ റിപ്പോർട്ട് മറിച്ചായി. റിപ്പോർട്ട് പ്രകാരം അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നും അൻവർ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നല്‍കില്ലെന്ന് തീരുമാനിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി തൃശൂരില്‍ ബിജെപിക്ക് പരവതാനി വിരിച്ച് നല്‍കി. ഞാന്‍ ബിജെപിക്ക് അവസരം നല്‍കിയവരുടെ കൂടെ നില്‍ക്കണോ, ബിജെപിയുടെ വാതില്‍ അടച്ച സ്റ്റാലിന് ഒപ്പം നില്‍ക്കണോ? പാലക്കാട്ട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ചേലക്കരയില്‍ ബിജെപി തിരിച്ച് സിപിഎമ്മിന് വോട്ടു ചെയ്യാനാണ് ഡീല്‍. അജിത് കുമാറാണ് ഇടനിലക്കാരനെന്നും അന്‍വര്‍ ആരോപിച്ചു.

ഇങ്ക്വിലാബ് വിളികളോടെയാണ് അൻവറിനെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്. മുസ്‌ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിൽ, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ് ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എ സുകു അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻറ് ഫസൽ കൊടുവള്ളി പാർട്ടി നയം വായിച്ചുകേൾപിച്ചു.

വൈകീട്ട് അഞ്ചു മണിക്ക് പരിപാടി ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒന്നേമുക്കാൽ മണിക്കൂർ വൈകിയാണു തുടക്കമായത്. മണിക്കൂറുകൾക്കുമുൻപ് തന്നെ അൻവറിനെ ശ്രവിക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നൂറുകണക്കിനുപേർ നേരത്തെ തന്നെ വേദിയിൽ ഇടംപിടിച്ചിരുന്നു. ഡിഎംകെ പതാകയുമായാണു പലരും എത്തിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽനിന്ന് നിരവധി ഡിഎംകെ പ്രവർത്തകർ എത്തിയതായും റിപ്പോർട്ടുണ്ട്.

മാറാൻ സമയമായി എന്ന തലക്കെട്ടോടെയാണ് അൻവർ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊതുയോഗങ്ങൾ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ വിശദീകരിച്ചാണ് അൻവറിന്റെ പൊതുയോഗങ്ങൾ നടക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിലെ പരിപാടിക്കുശേഷം അരീക്കോട്ടും യോഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ മലബാറിലെ മറ്റു ജില്ലകളിലും പൊതുയോഗം നടത്തുമെന്ന് അൻവർ സൂചിപ്പിച്ചിരുന്നു.

Summary: PV Anvar Manjeri public meeting live updates 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News