ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്; ഒതായിയിലെ വീട് വളഞ്ഞ് വൻ പൊലീസ് സന്നാഹം, നാടകീയമായി അറസ്റ്റ്
രാത്രി എട്ടു മണിയോടെയാണ് വൻ പൊലീസ് സന്നാഹവുമായി നിലമ്പൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അന്‍വറിന്‍റെ ഒതായിയിലെ സ്വകാര്യ വസതിയിൽ എത്തിയത്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി കോളിളക്കം സൃഷ്ടിച്ച പി.വി അൻവർ ഒടുവിൽ ജയിലിലേക്ക്. വന്യജീവി ആക്രമണം എന്ന മലയോര മേഖലയിലെ ഏറ്റവും സുപ്രധാനമായ ജനകീയ പ്രശ്‌നമുയർത്തി സമരപോരാട്ടത്തിനിറങ്ങിയതിന്റെ പിന്നാലെയാണ് അൻവറിന്റെ അറസ്റ്റ്. രാത്രി ഒതായിയിലെ വീട്ടിലെത്തിയാണ് പൊലീസിന്റെ അതിനാടകീയ നീക്കം.
കരുളായിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ വനം വകുപ്പ് ഓഫീസിലേക്ക്(ഡിഎഫ്ഒ) നടത്തിയ ഡിഎംകെ മാർച്ചിലെ അക്രമസംഭവങ്ങളാണ് അൻവറിന്റെയും 11 ഡിഎംകെ പ്രവർത്തകരുടെയും അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. നിലമ്പൂർ മാഞ്ചീരി സ്വദേശി മണിയാണ് ഇന്നലെ രാത്രി കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇന്നു രാവിലെയാണ് അൻവറിന്റെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ സംഘടിച്ചെത്തിയത്. പ്രവർത്തകർ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. പൊലീസ് സുരക്ഷയ്ക്കിടെയും ഓഫീസിനകത്തേക്ക് ഇരച്ചുകയറി മുദ്രാവാക്യങ്ങളുയർത്തുകയും കസേരകളും വാതിലുകളും അടിച്ചുതകർക്കുകയുമായിരുന്നു.
സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുകയാണ് നിലമ്പൂർ പൊലീസ്. കണ്ടാലറിയാവുന്ന 11 പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നുണ്ട്.
കേസിൽ അൻവറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് വൻ പൊലീസ് സന്നാഹവുമായി നിലമ്പൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഒതായിയിലെ സ്വകാര്യ വസതിയിൽ എത്തിയത്. വൻ പൊലീസ് സന്നാഹവുമായും ഒപ്പമുണ്ടായിരുന്നു. വീട് വളഞ്ഞ പൊലീസ് സംഘം അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് നൂറുകണക്കിനു പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്ത് തമ്പടിച്ചു.
കനത്ത പ്രതിഷേധങ്ങൾക്കിടെ രാത്രി 9.45ഓടെയാണ് നാടകീയമായി അൻവറിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ കൊണ്ടുപോയത്. അൻവറിനൊപ്പം വനം വകുപ്പ് ഓഫീസ് ആക്രമിച്ച നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ ഡിവൈഎസ്പി ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇന്നു തന്നെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാനാണു നീക്കം.
Summary: PV Anvar MLA arrest in Nilambur DFO vandalizing case updates