ഇനി തീപ്പന്തം പോലെ കത്തുമെന്ന് പി.വി അൻവർ; ജനം തയാറെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും

ഈ കപ്പലൊന്നാകെ മുങ്ങാൻ പോവുകയല്ലേയെന്നും അൻവർ പ്രതികരിച്ചു.

Update: 2024-09-27 11:56 GMT
Advertising

മലപ്പുറം: സർക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രം​ഗത്തെത്തിയതിനു പിന്നാല പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൃത്യമായി തള്ളിപ്പറഞ്ഞതോടെ വർധിതവീര്യത്തോടെ വീണ്ടും ആഞ്ഞടിച്ച് പി.വി അൻവർ എംഎൽഎ. 'തനിക്ക് ഇതിനകത്തായിരുന്നതിനാൽ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു, ഇപ്പോൾ എന്തായാലും പുറത്താക്കി, ഇനി തീപ്പന്തം പോലെ കത്തും' എന്ന് പി.വി അൻവർ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

'തനിക്കൊരാളെയും ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ജനങ്ങളോട് സമാധാനം പറഞ്ഞാൽമതി. പണ്ടെനിക്ക് പരിമിതിയുണ്ടായിരുന്നു. അതിൽനിന്ന് തന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണ്. ജനങ്ങളെ വച്ച് സംസാരിക്കും, പ്രതിരോധിക്കും. നിയമം ജനങ്ങൾക്കുള്ളതാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും ജനങ്ങളെ സംരക്ഷിക്കുംവിധം കാലികമായി മാറ്റം വരുത്തണം. ഇതൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് നീതിയില്ല. ജനങ്ങൾക്ക് മിണ്ടാൻ പാടില്ല. ആ നക്സസിനെ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത്. സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും പുറത്താക്കി. വാച്ച്മാന്റെ പണിയും പോയി'- എന്നും അദ്ദേഹം പറഞ്ഞു.

'അടിമകളല്ലാത്ത മനുഷ്യർ ഈ നാട്ടിലുണ്ടോയെന്ന് നോക്കാം. ഇങ്ങനെയുണ്ടോ ഒരു അടിമത്തം. ഈ കപ്പലൊന്നാകെ മുങ്ങാൻ പോവുകയല്ലേയെന്നും അൻവർ പ്രതികരിച്ചു. അതിനു മുമ്പ് അതിൽ ഒരു ഹോൾ ഇട്ടുകൊടുത്ത് വെള്ളം കയറുമോ എന്ന് നോക്കുമല്ലോ. അപ്പോൾ കപ്പിത്താന്മാർ ശ്രദ്ധിക്കുമല്ലോ. അതോടെ കരയ്ക്കടുപ്പിച്ച് ശരിയാക്കും. ആ പണിയാണ് ഞാൻ ചെയ്തത്. പക്ഷേ, ഞാൻ തന്നെ കപ്പൽ മുക്കുന്നവനാണെന്നാണ് ഇപ്പോൾ പറയുന്നത്. ആയിക്കോട്ടെ'- അൻവർ പറഞ്ഞു.

പുതിയ രാഷ്ട്രീയനീക്കത്തെ കുറിച്ചും അൻവർ വിശദീകരിച്ചു. ഞായറാഴ്ച നിലമ്പൂരിലും തിങ്കളാഴ്ച കോഴിക്കോട്ടും പൊതുയോഗം നടത്തും. ജനങ്ങൾ തയാറാണെങ്കിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അൻവർ പറഞ്ഞു. പരിപൂർണമായ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും അത്. ഈ ഭരണത്തിൽ കമ്യൂണിസ്റ്റുകൾക്ക് ഒരു നീതിയും കിട്ടുന്നില്ല. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും താൻ പ്രസംഗിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News