പി.വി അൻവർ റിമാൻഡിൽ; തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്
കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ ഡിഎംകെ മാർച്ചിലെ അക്രമസംഭവങ്ങളാണ് അൻവറിന്റെയും പ്രവർത്തകരുടെയും അറസ്റ്റിലേക്ക് നയിച്ചത്
മലപ്പുറം: പാതിരാത്രി നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ പി.വി അൻവർ എംഎൽഎ ജയിലിലേക്ക്. നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ എംഎൽഎയെ റിമാൻഡ് ചെയ്തു. കേസില്‍ അന്‍വര്‍ നാളെ ജാമ്യാപേക്ഷ നല്‍കും. രാത്രി 9.45ഓടെയാണ് നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ ഒതായിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അന്‍വറിനെ കൊണ്ടുപോകുന്നത്. ഭരണകൂട ഭീകരതയ്ക്കും ഭരണകൂട വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്ന് റിമാന്‍ഡ് ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പിണറായിക്കെതിരെ പറയുന്നവർക്കെതിരെയുള്ള ഭീഷണിയാണിത്. പാതിരാത്രിയിൽ ഇത്രയും ഭീകരത എന്തിനാണ്? ഞാൻ എന്തു കൊലക്കുറ്റമാണു ചെയ്തത്? എനിക്ക് നോട്ടീസ് തന്നാൽ ഞാൻ അറസ്റ്റ് വരിക്കുമായിരുന്നല്ലോ?
ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്ന് നേരത്തെ അദ്ദേഹം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും മുൻപ് പ്രതികരിച്ചു. ''ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പിണറായിക്കെതിരെ പറയുന്നവർക്കെതിരെയുള്ള ഭീഷണിയാണിത്. പാതിരാത്രിയിൽ ഇത്രയും ഭീകരത എന്തിനാണ്? ഞാൻ എന്തു കൊലക്കുറ്റമാണു ചെയ്തത്? എനിക്ക് നോട്ടീസ് തന്നാൽ ഞാൻ അറസ്റ്റ് വരിക്കുമായിരുന്നല്ലോ...''-അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാനാണ് ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. അതിനെയാണ് ഞാൻ ചോദ്യം ചെയ്തത്. ഇപ്പോൾ മലയോര മേഖലയിലെ ക്രൈസ്തവരുടെ വിഷയത്തിലും ഇടപെട്ടു. ന്യൂനപക്ഷങ്ങളോട് പിണറായി കഴിഞ്ഞ മൂന്നര വർഷമായി എടുക്കുന്ന നിലപാടിനെതിരെയാണ് ഞാൻ വിമർശിച്ചത്. മലബാറിലെ മുസ്‌ലിംകളെ പൂർണമായും വർഗീയവാദികളാണെന്നാണു പറഞ്ഞത്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്ത മുസ്‍ലിംകൾ വർഗീയവാദികളും ഭീകരവാദികളുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പറയുകയും മുഖ്യമന്ത്രി അതിന് അംഗീകാരം നൽകുകയുമാണ് ചെയ്യുന്നതെന്നും അൻവർ വിമർശിച്ചു.
കരുളായിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ വനം വകുപ്പ് ഓഫീസിലേക്ക്(ഡിഎഫ്ഒ) നടത്തിയ ഡിഎംകെ മാർച്ചിലെ അക്രമസംഭവങ്ങളാണ് അൻവറിന്റെയും 11 ഡിഎംകെ പ്രവർത്തകരുടെയും അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. നിലമ്പൂർ മാഞ്ചീരി സ്വദേശി മണിയാണ് ഇന്നലെ രാത്രി കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്നു രാവിലെയാണ് അൻവറിന്റെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ സംഘടിച്ചെത്തിയത്. പ്രവർത്തകർ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. പൊലീസ് സുരക്ഷയ്ക്കിടെയും ഓഫീസിനകത്തേക്ക് ഇരച്ചുകയറി മുദ്രാവാക്യങ്ങളുയർത്തുകയും കസേരകളും വാതിലുകളും അടിച്ചുതകർക്കുകയുമായിരുന്നു.
Summary: PV Anvar MLA remanded in Nilambur DFO office vandalizing case