'ക്രിസ്ത്യനികൾക്കും മുസ്‌ലിംകൾക്കുമിടയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു'; ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ പരാതി നൽകി
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് പരാതി
മലപ്പുറം: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ എംഎൽഎ പരാതി നൽകി. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്‌ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓർഡർ) എംആർ അജിത് കുമാറിന് രേഖാമൂലം പരാതി നൽകിയതായി ഫേസ്ബുക്കിലൂടെയാണ് എംഎൽഎ അറിയിച്ചത്.
മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നൽകിയതെന്നും പിവി അൻവർ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
വിഷയത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മുസ്‌ലിം -ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകർക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതായും പറഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും ഇതിന് മുമ്പും ഷാജൻ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. അതിനാൽ ഷാജൻ സ്‌കറിയയ്ക്കും മറുനാടൻ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും അൻവർ പരാതിയിൽ പറഞ്ഞു. നേരത്തെയും അൻവർ ഷാജൻ സ്‌കറിയയ്‌ക്കെതിരെയും മറുനാടൻ മലയാളിക്കെതിരെയും പരാതി നൽകിയിരുന്നു. അത് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ നേരത്തെ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്നാണ് കേസ്. കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടർ വയർലസ് സംവിധാനത്തിൽ അനധികൃതമായി കടന്നുകയറിയെന്നും എഫ്‌ഐആറിൽ പറഞ്ഞു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്ന് എഫ്.ഐ.ആറിൽ പറഞ്ഞത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയ അൻവർ എംഎൽഎ പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി അയച്ചിരുന്നു.
സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ വയർലെസ് സന്ദേശങ്ങൾ, ഫോൺ സന്ദേശങ്ങൾ, ഇ മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സംവിധാനം ഷാജൻ സ്‌കറിയയുടെ പക്കലുണ്ടെന്നും പിവി അൻവർ പരാതിയിൽ ആരോപിച്ചു. ഷാജൻ സ്‌കറിയയുടെ പാസ്‌പോർട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ സംഭാഷണങ്ങൾ ഹാക്ക് ചെയ്‌തോയെന്ന് സംശയിക്കണമെന്നും പി വി അൻവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് ആരോപണം. തന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി പി വി അൻവർ മീഡിയ വണിനോട് പറഞ്ഞിരുന്നു. വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിൻ നൽകിയ കേസിൽ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി. പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
Kalamasery blast: PV Anwar filed a complaint against Shajan Skaria and Marunadan Malayali