'അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍, അദ്ദേഹത്തിന്റെ മാതൃക ദാവൂദ് ഇബ്രാഹിം':പി.വി അന്‍വര്‍ എംഎല്‍എ
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമെന്നും അന്‍വര്‍
മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ പറഞ്ഞു.
മന്ത്രിമാരുടെ ഫോൺ കോളുകൾ എഡിജിപി ചോർത്തുന്നുണ്ടെന്നും ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ അജിത്കുമാർ ചോർത്തുന്നുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും എംഎല്‍എ പ്രതികരിച്ചു. ശശിയേയും എഡിജിപിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ ഏൽപിച്ചെന്നും എന്നാൽ അത് കൃത്യമായി നിർവഹിച്ചില്ല. മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാജയപെട്ടു. എന്നാൽ ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ പറഞ്ഞു. താൻ പൊതുവിഷയങ്ങളിൽ പല തവണ പി.ശശിയെ നേരിൽ കണ്ട് കത്ത് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തൻ്റെ ജീവൻ അപകടത്തിലാണെന്നും അൻവർ ആരോപിച്ചു.
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. അജിത്കുമാർ ദേശദ്രോഹിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി സുജിത് ദാസിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ് ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണ്ണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പോലീസിന് വിവരം കൈമാറും. പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്‍റെ 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതിയെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിനെതിരെ താൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ അന്വേഷിക്കാതെ തെളിവില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതേകുറിച്ച് തന്നോട് വിളിച്ച് ചോദിക്കുക പോലും ചെയ്തിട്ടില്ല. എം.ആർ അജിത്കുമാറാണ് ഇത് ചെയ്തത്. അതേസമയം താൻ പാർട്ടിവിടുമെന്ന പ്രചാരണം തെറ്റാണെന്ന് അൻവർ വ്യക്തമാക്കി. പാർട്ടിക്കായാണ് സംസാരിക്കുന്നതെന്നും പാർട്ടിക്കായി പോരാടുമെന്നും അൻവർ പറഞ്ഞു.