'എ.ഡി.ജി.പി അജിത് കുമാറിന് ആർ.എസ്.എസ് പിന്തുണ, സ്വര്‍ണ്ണക്കടത്തില്‍ എസ്.പിക്ക് ബന്ധം': പി.വി. അൻവർ എം.എൽ.എ
അജിത് കുമാറും സുജിത് ദാസും കേരളം കണ്ട നൊട്ടോറിയസ് ക്രിമിനലുകളെന്ന് പി.വി അന്‍വര്‍
കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം ആർ അജിത് കുമാറിന് ആർഎസ്എസ് പിന്തുണ നൽകുന്നുണ്ടെന്ന് പി.വി അൻവർ എംഎൽഎ. ഓഡിയോ പുറത്തുവിട്ടത് ഗതികേട് കൊണ്ടാണെന്നും അൻവർ മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ വ്യക്തമാക്കി. എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് നൊട്ടോറിയസ് ക്രിമിനിൽ സംഘം പൊലീസിൽ ഉണ്ടെന്നും പാർട്ടിയെയും സർക്കാരിനെയും കളങ്കപ്പെടുത്താൻ അജിത് കുമാർ ശ്രമിക്കുകയാണെന്നും അൻവർ ആരോപിച്ചു. എസ്.പി സുജിത് ദാസും അജിത് കുമാറും ഒരേ സംഘമാണെന്നും അൻവർ പറഞ്ഞു. പാർട്ടി പിന്തുണ ഇല്ലെങ്കിലും പോരാട്ടവുമായി മുന്നോട്ട് പോകും. കരിപ്പൂർ സ്വർണക്കടത്ത് ഇടപാടിൽ സുജിത് ദാസ് കോടികൾ ഉണ്ടാക്കിയെന്നും അതിന്റെ തെളിവുകൾ പുറത്തുവിട്ടാൽ ഇന്ത്യ തന്നെ ഞെട്ടുമെന്നും അൻവർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണെന്ന് പി.വി അൻവർ ഉന്നയിച്ചിരുന്നു. സുരേഷ് ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധമുള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആർ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അവരൊക്കെ കമ്മികൾ അല്ലെ എന്നാണ് പരാതിക്കാരെക്കുറിച്ച് അജിത്കുമാർ സുരേഷ് ഗോപിയോട് പറഞ്ഞതെന്നുമായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ക്രമസമാധാന ചുമതലയുള്ള അജിത്കുമാറിനെതിരേ നേരത്തെയും ആരോപണവുമായി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാർ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. എം.എല്‍.എമാരെയും പൊതു പ്രവർത്തകരെയും ബഹുമാനിക്കരുത് എന്ന നിർദേശം അജിത് കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും പൊതുജന വികാരം സർക്കാറിന് എതിരെ തിരിച്ച് വിടാൻ അജിത് കുമാർ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിലെ മരം മുറിയിലും അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം വിവാദങ്ങൾക്കിടെ എ.ഡി.ജി.പി അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന പോലീസ് മേധാവിയേയും കണ്ടിരുന്നു. എസ്.പി സുജിത് ദാസിനും പി.വി അൻവർ എംഎൽഎക്കുമെതിരെ അജിത് കുമാർ പരാതിപ്പെട്ടതായും സൂചനയുണ്ട്.