'സ്ത്രീകളെ ശല്യപ്പെടുത്തി': യുവാവിനെ കൊല്ലാന്‍ ഒരു ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി സൈനികന്‍
അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് സന്ദീപ് അക്രമി സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു
കൊല്ലം കരുനാഗപ്പളളിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം. യുവാവിനെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപയ്ക്ക് സൈനികനായ യുവാവാണ് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണം നടത്തിയ 10 അംഗ സംഘത്തിലെ 7 പേരെ പൊലീസ് പിടികൂടി.
കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശി അമ്പാടിക്കാണ് മർദനമേറ്റത്. ഇയാളെ 10 അംഗ സംഘം മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീട്ടിലെത്തിയ സംഘം അമ്പാടിയെ പിടിച്ചുവലിച്ചു പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
അമ്പാടിയെ കൊലപ്പെടുത്താന്‍ സന്ദീപ് എന്ന സൈനികനാണ് ക്വട്ടേഷന്‍ നല്‍കിയത്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് സന്ദീപ് അക്രമി സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സന്ദീപ് ഈ ദൃശ്യങ്ങള്‍ യുവാവ് ശല്യപ്പെടുത്തിയെന്നു പറഞ്ഞ സുഹൃത്തുക്കളായ സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തു. അക്രമിസംഘത്തിലെ വിഷ്ണുവിനെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞു. പിന്നീടാണ് മറ്റ് ആറു പേരെ കൂടി പിടികൂടിയത്. ആറ് പേര്‍ക്കും 20ല്‍ താഴെ മാത്രമാണ് പ്രായം. ഇവരില്‍ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.