നയതന്ത്ര പാഴ്‌സല്‍ വഴി ഖുര്‍ആനും ഈന്തപ്പഴവും; വഴിമുട്ടി കസ്റ്റംസ് അന്വേഷണം
വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ ആരോപണവിധേയർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കാന്‍ പോലും കസ്റ്റംസിനാകുന്നില്ല
നയതന്ത്ര പാഴ്‌സല്‍ വഴി ഖുര്‍ആനും ഈന്തപ്പഴവും എത്തിച്ചതിനെ കുറിച്ചുള്ള കസ്റ്റംസ് അന്വേഷണം വഴിമുട്ടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ ആരോപണവിധേയർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കാന്‍ പോലും കസ്റ്റംസിനാകുന്നില്ല. മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരാണ് അന്വേഷണം നേരിടുന്നത്
ഖുര്‍ആനും ഈന്തപ്പഴവും എത്തിച്ചു വിതണം ചെയ്തതില്‍ ജലീല്‍ ചട്ടലംഘനം നടത്തി എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് അതിന്‍റെ മറുപടി ലഭിച്ച ശേഷം വേണം തുടർനടപടികൾ സ്വീകരിക്കാൻ. എന്നാല്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിൽ ഉൾപ്പെട്ടതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വേണം. കേസ് വിവരങ്ങള്‍ അറിയിച്ച് യുഎഇയിലേക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വൈകാന്‍ കാരണം. ആരോപണവിധേയർക്ക് മുഴുവന്‍ ഒരുമിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വൈകിയാല്‍ ജലീലിനും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നത് വൈകും.
യുഎഇ കോണ്‍സുലേറ്റിലെ കോൺസൽ ജനറലിന്‍റെ മുന്‍ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് , പി ആര്‍ ഒ ആയിരുന്ന സരിത്ത്, കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടൽ ആണ് കസ്റ്റംസ് അന്വേഷിക്കുന്നത്. 2017ലാണ് 4478 കിലോ ഗ്രാം മതഗ്രന്ഥവും 17,000കിലോ ഈന്തപ്പഴവും നയതന്ത്രപാഴ്സലായി സംസ്ഥാനത്തെത്തിച്ചത്. കോൺസുലേറ്റ് സാധനങ്ങൾ എന്ന വ്യാജേന, നികുതി ഇളവ് നേടിയാണ് ഇവ കൊണ്ടുവന്നത്.