വംശീയ അധിക്ഷേപവും അശ്ലീല പ്രയോഗവും: മഹാരാജാസ് കോളജ് അധ്യാപകനെതിരെ കേസെടുക്കാതെ പൊലീസ്
ഇതുവരെ പിന്തുണ നല്‍കിയിരുന്ന എസ്.എഫ്.ഐയും നിസാമുദ്ദീനെ കയ്യൊഴിഞ്ഞു
കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീന്‍റെ വംശീയ അധിക്ഷേപത്തിനും അശ്ലീല പ്രയോഗങ്ങള്‍ക്കും ഇരയായ വിദ്യാർഥിനികളുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്. നിസാമുദ്ദീനെ സ്റ്റാഫ് അഡ്വൈസർ സ്ഥാനത്ത് നിന്ന് കോളജ് നീക്കിയിട്ടും പൊലീസ് അനങ്ങുന്നില്ല.
കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകള്‍ക്ക് പിറകെ എം.എസ്.എഫും അധ്യാപകനെതിരെ സമര രംഗത്തുണ്ട്. അധ്യാപകനെതിരെ ശക്തമായ നടപടയെടുക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.
അറബിക് വിഭാഗത്തിലെ അധ്യാപകനായ ഡോ. നിസാമുദ്ദീന്‍ രാഷ്ട്രീയ താത്പര്യത്തോടെ വിദ്യാർഥികളെ അധിക്ഷേപിക്കുന്നുവെന്ന പരാതിയാണ് ആദ്യം ഉയർന്നത്. ക്ലാസില്‍ വെച്ച് വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പെണ്‍കുട്ടികളോട് അശ്ലീല സംഭാഷണം നടത്തിയതിന്‍റെ ശബ്ദരേഖയും പരസ്യമായി. ഇതിന് ശേഷമാണ് വിദ്യാർഥിനികള്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയില്‍ വിദ്യാർഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല.
നിസാമുദ്ദീനെതിരെ വ്യക്തമായ തെളിവുകള്‍ വിദ്യാർഥികള്‍ പുറത്തുവിട്ടതോടെയാണ് കോളജ് അധികൃതർ നടപടിക്ക് തയ്യാറായത്. ഇതുവരെ പിന്തുണ നല്‍കിയിരുന്ന എസ്.എഫ്.ഐയും നിസാമുദ്ദീനെ കയ്യൊഴിഞ്ഞു.
പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തത് രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഭിന്നശേഷി ക്വാട്ടയില്‍ അധ്യാപക ജോലി നേടിയ നിസാമുദ്ദീന്‍റെ യോഗ്യതയിലും വിദ്യാർഥികള്‍ സംശയമുന്നയിച്ചിട്ടുണ്ട്.