'പിന്തുണച്ച എല്ലാവർക്കും നന്ദി'; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തി രാഹുൽ ഗാന്ധി
'ഫലം വന്നതിനുശേഷം നരേന്ദ്രമോദി ഭരണഘടനയെ തലയിൽ വെച്ച് വന്ദിക്കുന്നത് നമ്മൾ കണ്ടു'
കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേത്. അഖിലേന്ത്യാ തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ ബിജെപിക്കൊപ്പമായിരുന്നു. ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും മാത്രമായിരുന്നില്ല അവർക്കൊപ്പം ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസൈൻ ചെയ്തത് പോലും മോദിക്കനുസൃതമായായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
'ഭരണഘടനയെ മാറ്റിമറിക്കാൻ ആയിരുന്നു '400 സീറ്റിൽ അധികം' എന്ന് ആവർത്തിച്ച് ബിജെപി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം നരേന്ദ്രമോദി അതേ ഭരണഘടനയെ തലയിൽ വെച്ച് വന്ദിക്കുന്നത് നമ്മൾ കണ്ടു. ഇന്ത്യൻ ജനതയുടെ കരുത്താണ് നമ്മൾ കണ്ടത്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. റായ്ബറേലിയിൽ നിന്ന് മത്സരിച്ച അദ്ദേഹം അവിടെയും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഏത് മണ്ഡലമായിരിക്കും അദ്ദേഹം നിലനിർത്തുക എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ഏത് സീറ്റ് നിലനിർത്തിയാലും രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് സന്തോഷം നൽകുന്ന തീരുമാനമായിരിക്കും ഉണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു.