രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ്
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടാണ് രാഹുൽ നേടിയത്. രണ്ടാമതെത്തിയ അബിൻ വർക്കി വൈസ് പ്രസിഡന്റാവും. 1,68,588 വോട്ടാണ് അബിൻ നേടിയത്. ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്.
ജില്ലാ പ്രസിഡൻറുമാരിലും എ ഗ്രൂപ്പിനാണ് മുൻതൂക്കം. അഞ്ചിടത്ത് എ ഗ്രൂപ്പ് ജില്ലാ പ്രസിഡൻറുമാരെ സ്വന്തമാക്കിയപ്പോൾ എ ഗ്രൂപ്പ് വിമതരെ കൂടി ഒപ്പം ചേർത്ത് കെസി വേണുഗോപാൽ പക്ഷവും കരുത്ത് കാട്ടി. നാല് ജില്ലകളിൽ കെ സി പക്ഷം നയിക്കും. പത്തനംതിട്ടയും കോട്ടയവും എ ഗ്രൂപ്പിൽ നിന്ന് വിമതരെ കൂട്ടിപിടിച്ച് കെസി പക്ഷം സ്വന്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളും കെസി പക്ഷത്താണ്.
രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കൊല്ലം, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകൾ സ്വന്തമാക്കിയപ്പോൾ തൃശൂരിലെ അധ്യക്ഷ സ്ഥാനം സുധാകര പക്ഷത്തിനാണ്. സുധാകര പക്ഷത്തെ ഫർസീൻ മജീദിനെ തോൽപിച്ച് കണ്ണൂരിലെ പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പ് സ്വന്തമാക്കി. എറണാകുളത്തെ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല. എ, ഐ ഗ്രൂപ്പുകൾ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വൈസ് പ്രസിഡൻറുമാരെ സ്വന്തമാക്കുന്നതിൽ കെസി വേണുഗോപാൽ പക്ഷം നേട്ടമുണ്ടാക്കി.
അതേസമയം, സംഘടനയെ ഒറ്റക്കെട്ടായി നയിക്കുമെന്നും ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിറവേറ്റുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് കാണാൻ ഉമ്മൻചാണ്ടി ഇല്ലാത്തത് വേദനയാണെന്ന് രാഹുൽ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് പ്രവർത്തകർ നൽകിയിരിക്കുന്നതെന്നും സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണിനോട് പറഞ്ഞു.