ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ ഗൂഢാലോചന; പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്ന് ചർച്ച വഴിതിരിക്കാൻ ശ്രമം: രാഹുൽ മാങ്കൂട്ടത്തിൽ
എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
പാലക്കാട്: കെ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് എന്തെങ്കിലും വാർത്ത വന്നാൽ അപ്പോൾ സിപിഎം വെടിപൊട്ടിക്കും. അതിന്റെ ഭാഗമായാണ് കത്ത് പുറത്തുവന്നത്. എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
രണ്ട് കത്താണ് ഇന്നലെ പുറത്തുവന്നത്. സിപിഎം ബിജെപി പിന്തുണ തേടിയെന്ന കത്തും പി.പി ദിവ്യയുമായി ബന്ധപ്പെട്ട കത്തുമാണ് ഇന്നലെ പുറത്തുവന്നത്. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഡിസിസിയുടെ കത്ത് പുറത്തുവന്നതെന്ന് രാഹുൽ ആരോപിച്ചു. എഡിഎം നവീന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാർത്ത വരുമ്പോഴാണ് പാലക്കാട്ട് കോൺഗ്രസ് വിട്ട ആളുകൾ വാർത്താസമ്മേളനം നടത്തുന്നതെന്നും രാഹുൽ പറഞ്ഞു.
കെ. മുരളീധരൻ കേരളത്തിൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യതയുള്ള നേതാവാണ്. തന്നേക്കാൾ മികച്ച സ്ഥാനാർഥി മുരളീധരൻ തന്നെയാണ്. സ്ഥാനാർഥി ചർച്ച നടക്കുമ്പോൾ പല പേരുകളും ഉയർന്നുവരും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് ശേഷം അത് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. വി.കെ ശ്രീകണ്ഠൻ എംപിയും കെ. മുരളീധരനും ഡിസിസി പ്രസിഡന്റും ആ കത്ത് സംബന്ധിച്ച ചർച്ചകൾ തള്ളിയിട്ടുണ്ട്. അതുകൊണ്ട് കത്ത് ഇനിയും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും രാഹുൽ പറഞ്ഞു.