രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡിൽ
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ജനുവരി 22 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് രാഹുൽ അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് ശേഷം വീണ്ടും മെഡിക്കൽ പരിശോധന നടത്തിയിരുന്നു. രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഹാജരാക്കിയതിന് പിന്നാലെയാണ് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്.
ഡിസംബർ 20-ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ രാഹുലിന്റെ നേതൃത്വത്തിലാണ് സംഘർഷം നടന്നത് എന്നാണ് പൊലീസ് റിപ്പോർട്ട്്. രാഹുൽ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ ആക്രമിച്ചു, പട്ടികക്കഷ്ണം ഉപയോഗിച്ച് പൊലീസിനെ അടിച്ചു തുടങ്ങിയ ആരോപണങ്ങളും പൊലീസ് റിപ്പോർട്ടിലുണ്ട്. സംഘർഷം നടക്കുമ്പോഴെല്ലാം രാഹുൽ മുൻനിരയിലുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് കേസിൽ ഒന്നാം പ്രതി. എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ നാലാം പ്രതിയാണ്. പൊലീസിനെ അക്രമിക്കുമ്പോൾ പ്രതിപക്ഷനേതാവ് സ്ഥലത്തില്ലായിരുന്നുവെന്നും രാഹുൽ ആക്രമണത്തിന് നേതൃത്വം കൊടുത്തതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ഇന്ന് പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെപ്പോലുള്ള ഒരു നേതാവിനെ പരസ്യമായി അറസ്റ്റ് ചെയ്താൽ അത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. അതുകൊണ്ടാണ് വീട്ടിലെത്തി അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.