രാഹുലിന്റെ കസേരയിൽ വാഴ നട്ടു, ഗാന്ധിയുടെ പടം അടിച്ചുതകർത്തു, ആക്രമണം പൊലീസിന്റെ സംരക്ഷണത്തിൽ: കെ.സി വേണുഗോപാൽ
നേതൃത്വത്തിന്റെ അറിവോട് കൂടിയുള്ള ആക്രമണമാണ് നടന്നതെന്നും വേണുഗോപാൽ
അഞ്ഞൂറോളം വരുന്ന എസ്എഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തി, അവരിൽ നിന്ന് 40 പേർ ചേർന്നാണ് രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകർത്തതെന്നും പൊലീസിന്റെ സംരക്ഷണത്തിലാണ് ആക്രമണം നടന്നതെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. മുൻകൂട്ടി പ്രഖ്യാപിക്കാത്ത സമരത്തിൽ നേതൃത്വത്തിന്റെ അറിവോട് കൂടിയുള്ള ആക്രമണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മോദിയെ സുഖിപ്പിക്കാൻ വേണ്ടിയുള്ള പരിപാടിയായിരുന്നോയിതെന്നും മോദി നിർത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
എസ്എഫ്‌ഐ ക്രിമിനലുകളാണ് ഓഫീസ് അടിച്ച് തകർത്തതെന്നും ബഫർ സോൺ വിഷയത്തിൽ രാഹുൽ വേണ്ട ഇടപെടൽ നടത്തിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുതെ വിട്ട് രാഹുലിനെതിരെ തിരിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
Rahul's office attacked under police protection: KC Venugopal