പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ്; മുസ്‌ലിമായതുകൊണ്ടെന്ന് പൊലീസ്-ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ് എടുത്തതായി ആരോപണം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ എവിടെയാണ് മതസ്പർദ്ധ എന്ന ചോദ്യത്തിന് അനീഷ് മുസ്‌ലിമാണെന്നാണ് പൊലീസ് പറഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തുന്നു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധം ഉണ്ടാകാതിരിക്കുവാൻ ജില്ലയിലെ നിരവധി യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പിണറായി പോലീസ് കരുതൽ തടവിൽ വെക്കുന്നു. ശ്രദ്ധിക്കുക ഒറ്റ DYFI ക്കാരനെയും തടവിലാക്കുന്നില്ല, കാരണം അവർക്ക് മോദിയോട് പ്രതിഷേധം ഇല്ലല്ലോ!
നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് PH എന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി " മോദി ഗോ ബാക്ക്" മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് കൊടി വീശുന്നു. ശ്രദ്ധിക്കുക BJP ക്കാർ അനീഷിനെ വളഞ്ഞിട്ട് മർദ്ദിക്കുവാൻ പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.
ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് PH ന് എതിരെ 153 A ചുമത്തുകയാണെന്ന് പോലീസ് എറണാകുളം MP ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു.... എന്താണ് 153 A ? മതസ്പർദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം....നരേന്ദ്ര മോദിക്കെതിരെ അനീഷ് PH എന്ന യൂത്ത് കോൺഗ്രസ്സുകാരൻ യൂത്ത് കോൺഗ്രസ്സ് കൊടി വീശി പ്രതിഷേധിച്ചാൽ അതിൽ എവിടെയാണ് മതസ്പർദ്ധ? പോലീസിന്റെ മറുപടി, അനീഷ് PH മുസ്ലീമാണ്. ... !
ഇതല്ലേ പിണറായിയുടെ സംഘി പോലീസെ , ഫസ്റ്റ് ക്ലാസ്സ് ഇസ്ലാമോഫോബിയ...! വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ ?...