തോരാതെ മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾക്ക് അവധി

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2024-06-26 18:00 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇടുക്കിയിലും തൃശൂരും തിരുവനന്തപുരത്തും വീടുകൾ തകർന്നു.ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വിദ്യാർഥി മരിച്ചു. മധ്യ കേരളത്തിലെ തീരപ്രദേശങ്ങളിൽ വ്യാപക കടലാക്രമണമാണ് ഉണ്ടായത്.

പാലക്കാട് ആലത്തൂർ പത്തനാപുരത്തെ നടപ്പാലം കനത്ത മഴക്ക് പിന്നാലെ തകർന്നു വീണു. 1500 കുടുംബങ്ങൾക്ക് ഗായത്രിപുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലമാണ് തകർന്നത്.

കോഴിക്കോട്ടും മഴ കനത്ത നാശം വിതച്ചു. കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിലാണ് മണ്ണിടിഞ്ഞത്. പേരാമ്പ്രയിൽ നിർത്തിയിട്ട ജീപ്പിനു മുകളിൽ മരം വീണു. നാദാപുരത്ത് ശക്തതമായ മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.

എറണാകുളത്ത് മരംകടപുഴകി വീണും മറ്റും എട്ടുവീടുകൾക്കാണ് കേടുപാട് പറ്റിയത്.. കനത്ത മഴയെ തുടർന്ന് എറണാകുളം കോതമംഗലത്ത് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി ആദിവാസി കുടികൾ ഒറ്റപ്പെട്ടു.

പത്തനംതിട്ട പെരുന്നാട് അരയാഞ്ഞിലി മണ്ണ് കോസ്‌വേ വെള്ളത്തിൽ മുങ്ങി 380 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മട്ടാഞ്ചേരിയിൽ കനത്ത മഴയിൽ അഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടം തകർന്നു.....

തൃശൂരിൽ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. കുഴൂർ പാറപ്പുറത്ത് മരം കടപുഴകി വീണ് വീട് തകർന്നു.

ഇടുക്കിയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണ് ഏലപ്പാറ പുതുവൽ സ്വദേശി ചുപ്പയ്യയുടെ വീട് തകർന്നത്. മൂന്നാർ ദേവികുളം കോളനിയിൽ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വിൽസന്റെ വീടും തകർന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. അടിമാലിയിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപത്തെ റിയാസിന്റെ വീടും മഴയിൽ തകർന്നു. കഴക്കൂട്ടത്ത് കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് നിലം പൊത്തി.

മഴ കനത്തതോടെ തൃശ്ശൂർ കടപ്പുറം പഞ്ചായത്തിലെയും കാര വാക്കടപ്പുറത്തെയും നിരവധി വീടുകളിൽ വെള്ളം കയറി. കൊച്ചി ചെല്ലാനത്തും കടലാക്രമണം രൂക്ഷമാണ്. ടെട്രാ പോർഡ് ഭിത്തി ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് കടൽ കയറിയത്. കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ നിരവധി വീട്ടുകളിൽ വെള്ളം കയറി..

ഓൺലൈനായി ചേർന്ന കളക്ടർമാരുടെ യോഗത്തിൽ റവന്യൂ മന്ത്രി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സ്വീകരിക്കേണ്ട മുൻകരുതികളും വിലയിരുത്തി. പ്രവചിക്കപ്പെട്ടതിനേക്കാൾ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. വരുംദിവസങ്ങളിലും ഈ നില തുടരാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, മലങ്കര, പാംബ്ല തൃശൂർജില്ലയിലെ പൊരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടർ ഉയർത്തി. തീരദേശത്തും മലയോരങ്ങളിലും കഴിയുന്നവരോട് പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News