മഴ കനക്കും: 12 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ്
ബാണാസുര അണക്കെട്ടിൽ റെഡ് അലർട്ട്, കണ്ണൂരിൽ ഉരുൾപ്പൊട്ടലെന്ന് സംശയം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളതീരത്ത് ഉൾപ്പെടെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലും വരുന്ന രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരും.
വ്യാപക മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. വിതുര - ബോണക്കാട് റൂട്ടിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആളപായമില്ല. വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് 773 മീറ്റർ ആയതിനുപിന്നാലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.5 മീറ്റർ ആയാൽ ഷട്ടർ തുറക്കും. രാത്രിയിൽ മഴ തുടർന്നാൽ നാളെ രാവിലെ ഷട്ടർ തുറക്കാനും സാധ്യതയുണ്ട്.
തലശ്ശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ മണ്ണിടിച്ചിലുണ്ടായി. കൂട്ടുപുഴ, വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് മേഖലയിൽ ഭാഗീക ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കണ്ണൂർ, കേളകത്തെ അടയ്ക്കാത്തോട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ. ശാന്തിഗിരി മേഖലയിലെ വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. ഇതിന്റെ ഭാഗമായാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് നിഗമനം.വാളുമുക്ക് മേഖലയിൽ ആനമതിലിന്റെ ഒരു ഭാഗം തകർന്നു വീണു. 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൊട്ടിയൂർ, മന്നംചേരി, ചെട്ടിയാംപറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.