സംസ്ഥാനത്ത് മഴക്കു ശമനം; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും
പാലക്കാടു മുതൽ കാസർഗോഡു വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്
സംസ്ഥാനത്ത് മഴക്കു ശമനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാടു മുതൽ കാസർഗോഡു വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്നലെ മഴ ശക്തമായിരുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് പകല്‍ വലിയ തോതില്‍ മഴ പെയ്തില്ല.
എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കു കൂടി വ്യാപിച്ചു. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയില്‍ അച്ചന്‍ കോവിലാറ്റില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരത്തു നിന്നും ആറു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കൊല്ലം കല്ലട ഡാമിന്‍റെ ഷട്ടർ 20 സെന്‍റീമീറ്റര്‍ ഉയർത്തി.
അതേ സമയം മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ഇന്നലെ അടച്ച മലക്കപ്പാറ റോഡ് ഇന്നു തുറന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊണ്ടേക്കാമെന്ന മുന്നറിയിപ്പുണ്ട്. എൻഡിആർഎഫിൻ്റെ 6 ടീമുകൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.