സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും അതിതീവ്ര മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും എന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരള ‑ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
കേരള തീരത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും അതിതീവ്ര മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരം 5.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വലിയ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. കടലാക്രമണം രൂക്ഷമായതോടെ അൻപതിലേറെ കുടുംബങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചു.