വാഹനാപകടം, സ്വര്‍ണക്കടത്ത്, 15 അംഗ കവര്‍ച്ചാ സംഘം.. ദുരൂഹതയുടെ ചുരുളഴിയുന്നു

ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ കവര്‍ച്ചാ സംഘത്തില്‍ എട്ട് പേരാണ് പിടിയിലായത്

Update: 2021-06-22 01:41 GMT
Advertising

കോഴിക്കോട് രാമനാട്ടുകാരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട വാഹനാപകടമാണ് കള്ളക്കടത്ത് കവര്‍ച്ചാ സംഘത്തിലേക്ക് പൊലീസിന് വഴി തുറന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വാങ്ങാനെത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്താനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തിന് കൈമാറാനുള്ള സ്വര്‍ണവുമായി എത്തിയയാള്‍ കസ്റ്റംസിന്‍റെ പിടിയിലായി. ഇതു മനസിലായതോടെ കൊടുവള്ളിയില്‍ നിന്നെത്തിയവര്‍ മടങ്ങുകയായിരുന്നു. വഴിമധ്യേ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. 

ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ കവര്‍ച്ചാ സംഘത്തില്‍ എട്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ട് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. കൊടുവള്ളി സ്വദേശിയായ മൊയ്തീനാണ് ദുബൈയില്‍ നിന്നും കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് സ്വര്‍ണമെത്തുന്ന വിവരം കവര്‍ച്ചാ സംഘത്തിന് നല്‍കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. ഇതുവഴി കൊടുവള്ളിയില്‍ നിന്നെത്തിയ സ്വര്‍ണക്കടത്ത് സംഘത്തെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

രണ്ടരക്കിലോ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തി എയര്‍ കസ്റ്റംസിന്‍റെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറാനുള്ള സ്വര്‍ണമാണ് ഇതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ മുഖേനയാണ് ഷഫീഖ് കൊടുവള്ളി സംഘവുമായി ബന്ധപ്പെട്ടത്. ഇയാള്‍ കൊടുവളളി സംഘത്തൊടൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരം കസ്റ്റംസ് പോലീസിന് കൈമാറിയിട്ടുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News