സരിത്തിനെ സംസ്ഥാനത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് ശ്രമം
കേസിൽ ഉന്നതരുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സരിത്ത് പരാതി നൽകിയിരുന്നു
സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ സംസ്ഥാനത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റാൻ കസ്റ്റംസ് ശ്രമം തുടങ്ങി. ഇതിനായി സരിത്തിന്‍റെ സമ്മതം തേടും. സരിത്തിനെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. കേസിൽ ഉന്നതരുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സരിത്ത് പരാതി നൽകിയിരുന്നു.
അതേസമയം പ്രതികളായ കെ.ടി റമീസും സരിത്തും ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്. റമീസ് സെല്ലിൽ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് അതിന് കാവല്‍ നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണ് കോടതിക്ക് റിപ്പോർട്ട് നൽകിയത്. എൻഐഎ കോടതി, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലുമാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്.
ജൂലൈ 5 നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട്. പാഴ്സൽ എത്തുന്ന സാധനങ്ങൾ പെട്ടെന്ന് നൽകാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. പുറത്തുനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് പ്രതികൾ നിർബന്ധം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം സരിത്തിന്‍റെ അമ്മയുടെ പരാതിയില്‍ ജയിൽ ഡിജിപിയോട് എറണാകുളം എക്കണോമിക് ഒഫൻസ് കോടതി വിശദീകരണം തേടി. സരിത്തിനെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണർക്കും സരിതിന്‍റെ അമ്മ പരാതി നൽകിയിട്ടുണ്ട്.