ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരം; സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: രമേശ് ചെന്നിത്തല

പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2022-12-26 08:18 GMT
Advertising

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ ഉയർന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജൻ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തിൽനിന്ന് വ്യക്തമാവുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയർന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പർട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാൽപ്പതുവട്ടം മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വർധിപ്പിക്കുന്നു. സി.പി.എമ്മിനെ ഇന്ന് അടിമുടി ജീർണത ബാധിച്ചിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ മൂർധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികൾ വെറും ജലരേഖയായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം പിണറായി സർക്കരിക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി ജയരാജനെതിരായ ഉയർന്ന ആരോപണം റിസോർട്ട് കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News