'ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുണ്ടായിട്ടില്ല'; പൊലീസിനെതിരെ ചെന്നിത്തല
സംസ്ഥാനത്തെ പോലീസ് സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സിഐക്ക് എസ്എച്ച്ഒ പദവി നൽകിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സിഐയുടെ ജോലി എസ്‌ഐ തരത്തിലേക്ക് മാറിയതിൽ ഉദ്യോഗസ്ഥർക്ക് നിരാശയുണ്ട്.
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ ഉത്തരവാദികൾ പൊലീസാണ്. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി തന്നെ പറയുന്നു. ഗുണ്ടകൾ സംസ്ഥാനത്ത് വിഹരിക്കുമ്പോൾ പൊലീസും സർക്കാറും നിഷക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസ് ജാഗ്രത കാണിച്ചില്ലെങ്കിൽ അക്രമം തുടരും. യുഡിഎഫ് നടപ്പാക്കിയ ഓപ്പറേഷൻ സുരക്ഷ തിരികെ കൊണ്ടുവരണം. ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങൾക്ക് വർഗീയ നിറം കൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളും ആർഎസ്എസ് അല്ല, എല്ലാ മുസ്‌ലിംകളും എസ്ഡിപിഐ അല്ല. വർഗീയത പടർത്താനുള്ള നീക്കത്തിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പോലീസ് സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സിഐക്ക് എസ്എച്ച്ഒ പദവി നൽകിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സിഐയുടെ ജോലി എസ്‌ഐ തരത്തിലേക്ക് മാറിയതിൽ ഉദ്യോഗസ്ഥർക്ക് നിരാശയുണ്ട്. ഇതുമൂലം കേസുകൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. പഴയ നിലയിലേക്ക് പൊലീസ് സംവിധാനം മാറ്റണം. ആംബുലൻസ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ സർക്കാർ ശ്രദ്ധിക്കണം. സംഘടനകൾക്ക് നൽകാതെ സർക്കാരാണ് ആംബുലൻസ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.