14-ാം വയസിൽ ആറു ഭാഷകളിൽ വഴക്കം; കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല
പരിസ്ഥിതിയും മനുഷ്യനന്മയും കേന്ദ്രീകരിച്ച് മുംതാസ് മറിയം എഴുതിയ 'മൈ ജേർണി' എന്ന സയൻസ് ഫിക്ഷൻ ശ്രേഷ്ഠ ബുക്‌സ് പുറത്തിറക്കുമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്
പതിനാലാം വയസിൽ ആറു ഭാഷകളിൽ പാണ്ഡിത്യം നേടിയ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെറിയ പ്രായത്തിനിടെ തന്നെ ഈ ഭാഷകളിൽ കവിതയും കഥയും എഴുതിയും പുസ്തകം പ്രസിദ്ധീകരിച്ചും ശ്രദ്ധ നേടിയതിനു പിറകെയാണ് ഹരിപ്പാട് കുമാരപുരം സ്വദേശിയായ മുംതാസ് മറിയത്തെ ചെന്നിത്തല വീട്ടിലെത്തി അഭിനന്ദിച്ചത്.
ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ജർമൻ, ഹിന്ദി, മലയാളം ഭാഷകളിലാണ് മുംതാസിന് പാണ്ഡിത്യമുള്ളത്. നാലാം ക്ലാസ് മുതൽ എഴുത്ത് ആരംഭിച്ച ഈ പ്രതിഭയുടെ രചന 'ദി ഹിന്ദു' പത്രത്തിന്റെ വെബ് പോർട്ടലിൽ അടക്കം വെളിച്ചം കണ്ടിട്ടുണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു. യുഎൻ യൂത്ത് വർക്കേഴ്‌സ് വോളണ്ടിയറായ മുംതാസ് എപിജെ ഇന്റർനാഷണൽ ക്വിസ് മത്സരം, വനിത-പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ഇന്റർനാഷണൽ ക്വിസ് മത്സരം എന്നിവയിലും വിജയിയായിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
പരിസ്ഥിതിയും മനുഷ്യനന്മയും കേന്ദ്രീകരിച്ച് 'മൈ ജേർണി' എന്ന പേരില്‍ മുംതാസ് ഒരു സയൻസ് ഫിക്ഷൻ രചിച്ചിട്ടുണ്ട്. ഈ കൃതി ശ്രേഷ്ഠ ബുക്‌സ് പുറത്തിറക്കുമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ മുഴുവൻ പോസ്റ്റ് വായിക്കാം
ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ജർമൻ, ഹിന്ദി, മലയാളം ഭാഷയിൽ പാണ്ഡിത്യമുള്ള പതിനാലുകാരി മുംതാസ് മറിയത്തെ വീട്ടിലെത്തി ആദരിച്ചു. നാലാം ക്ലാസ് മുതൽ എഴുത്ത് ആരംഭിച്ച ഈ പ്രതിഭയുടെ രചന ദി ഹിന്ദു പത്രത്തിന്റെ വെബ് പോർട്ടലിൽ അടക്കം വെളിച്ചം കണ്ടു.
യുഎൻ യൂത്ത് വർക്കേഴ്‌സ് വോളണ്ടിയറായ മുംതാസ് എപിജെ ഇന്റർനാഷണൽ ക്വിസ് മത്സരം, വനിത-പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ഇന്റർനാഷണൽ ക്വിസ് മത്സരം എന്നിവയിലും വിജയിയായി. മികച്ച ഗായികയും പ്രാസംഗികയുമായ മുംതാസ് ചെറുപ്രായത്തിൽ കഥ, കവിത രചനയിൽ കഴിവ് തെളിയിച്ചു.
പരിസ്ഥിതിയും മനുഷ്യനന്മയും കേന്ദ്രീകരിച്ച് 'മൈ ജേർണി' എന്ന സയൻസ് ഫിക്ഷൻ ഇതിനകം പൂർത്തിയാക്കി. ഈ കൃതി പുസ്തകമായി ശ്രേഷ്ഠ ബുക്‌സ് പുറത്തിറക്കും എന്നും മുംതാസിന് ഉറപ്പ് നൽകി.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ കോ-ഓർഡിനേറ്ററായ ഈ പത്താം ക്ലാസുകാരി ബ്ലോഗറും പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിലെ പങ്കാളിയുമായിരുന്നു. നങ്ങ്യാർകുളങ്ങര ബദനി സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിനിയായ ഈ മിടുക്കി നൈജീരിയ പ്രൈം പ്രൈമറി ഇന്റർനാഷണൽ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. നൈജീരിയയിലെ സ്‌പെല്ലിങ് ബി മത്സരത്തിൽ ഫൈനലിസ്റ്റായിരുന്നു. എയർഫോഴ്‌സിൽനിന്ന് വിരമിച്ച ഹരിപ്പാട് തമല്ലാക്കൽ അബ്ദുൽ കലാമിന്റെയും സുബിതയുടെയും മകളാണ്. സിവിൽ സർവീസ് സ്വപ്നവുമായി പഠിക്കുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് എല്ലാ നന്മകളും നേരുന്നു.