'മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി'- രമേശ് ചെന്നിത്തല
ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ്.എഫ്.ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെ.പി. സി.സി അധ്യക്ഷന്റെ ചെലവിൽ ആരും വെള്ള പൂശണ്ടെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
കെ. സുധാകരനെതിരെ കേസെടുത്ത വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ്.എഫ്.ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെ.പി. സി.സി അധ്യക്ഷന്റെ ചെലവിൽ ആരും വെള്ള പൂശണ്ടെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്നും ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയാണുള്ളതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ കേസെടുത്തത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ വിനു വിൻസന്‍റിന്‍റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്.
തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.
എല്ലാവരും ബഹുമാനിക്കുന്ന പി.ടി തോമസിന്റെ ദൗർഭാഗ്യകരമായ മരണത്തെ സുവർണാവസരമായി കണ്ടയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ.പി.സി.സി പ്രസിഡൻറിനെതിരായ കേസെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി.
ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയാണുള്ളത്.
ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ് എഫ് ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെ പി സി സി അധ്യക്ഷന്റെ ചെലവിൽ ആരും വെള്ള പൂശണ്ട.
അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.
മനസ്സിലാകാതിരിക്കാൻ ആരും പ്രകാശം പരത്തുന്നവരല്ല
എല്ലാവരും ബഹുമാനിക്കുന്ന പി ടി തോമസിന്റെ ദൗർഭാഗ്യകരമായ മരണത്തെ സുവർണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി.
ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ്
കെ പി സിസി പ്രസിഡൻറിന് എതിരായ കേസ്.