മെയ് രണ്ടിന് വിജയാഹ്ലാദങ്ങൾ സംഘടിപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല

കോവിഡിനെതിരേ യോജിച്ചുനിന്ന് പോരാടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

Update: 2021-04-26 09:27 GMT
Editor : Nidhin | By : Web Desk
Advertising

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുഡിഎഫ് വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല. കോവിഡിന്‍റെ അതിവ്യാപനം പരിഗണിച്ചാണ് തീരുമാനം.  കോവിഡിനെതിരേ യോജിച്ചുനിന്ന് പോരാടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

അതേസമയം സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം.സംസ്ഥാനത്തെ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ രാവിലെ 11.30ന് ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. അതേസമയം ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഘോഷങ്ങൾ നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തത്. ഇന്നലെ രാത്രി ചേർന്ന കോവിഡ് വിദഗ്ധരുടെ യോഗത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന ആവശ്യമുയർന്നിരുന്നു. രോഗവ്യാപനം തടയാൻ രണ്ടാഴ്ച സംസ്ഥാനം അടച്ചിടണമന്നായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. എന്നാൽ, സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന നിലപാടിലായിരുന്നു സർക്കാരും മുഴുവൻ രാഷ്ട്രീയ പാർട്ടികളും. സമ്പൂർണ ലോക്ക്ഡൗൺ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ദൈനംദിനം ജോലി ചെയ്തു ജീവിക്കുന്നവരെയുടെ ജീവിതം തകർക്കും. വ്യവസായ, വാണിജ്യ രംഗങ്ങളിലും കൂടുതൽ ക്ഷീണമുണ്ടാകും. ഇതിനാൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

അതേസമയം, വാരാന്ത്യ ലോക്ക്ഡൗൺ മെയ് പകുതി വരെയെങ്കിലും തുടരും. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. മുൻപ് ചെയ്തിരുന്ന പോലെ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളെ വേർതിരിച്ച് കണ്ടെയിൻമെന്റ് സോണുകളാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കും.

രാത്രികാല കർഫ്യു 30നു ശേഷവും തുടരും. കടകൾ രാത്രി 7.30ന് തന്നെ അടയ്ക്കണം. കടകൾ അടയ്ക്കുന്ന സമയം നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.

ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് കലക്ടർമാർ സമുദായനേതാക്കളുമായി ചർച്ച നടത്തണം. ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്നത് ആലോചിക്കും. ആദിവാസി മേഖലകളിൽ കോവിഡ് പരിശോധനയ്ക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ആഘോഷത്തിൽ സർക്കാർ ഔദ്യോഗികമായ ഉത്തരവിറക്കില്ല. ഓരോ പാർട്ടികളും തങ്ങളുടെ പ്രവർത്തകരെ സ്വന്തം നിലയ്ക്ക് നിയന്ത്രിക്കാനാണ് ധാരണ.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News