അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല- രമേശ് ചെന്നിത്തല
സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി വനം നശിപ്പിക്കും. പദ്ധതി വനാവകാശ നിയമത്തിനും എതിരാണ്
സർക്കാറിനെ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല.പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിലപാടിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി അനുവദിക്കില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതി തങ്ങളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വാഴച്ചാൽ ആദിവാസി ഊര് മൂപ്പത്തി ഗീത നൽകിയ കേസ് ഹൈക്കോടതി പരിഗണിക്കുകയാണെന്നും എന്നിട്ടും പദ്ധതിയെ അനുകൂലിക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പരിസ്ഥിതിയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ല. പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിലപാടിൽ നിന്ന് പിന്മാറണം.
അതിരപ്പിള്ളി സന്ദർശിച്ചാണ് പദ്ധതി അനുവദിക്കില്ലെന്നു ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.
സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി വനം നശിപ്പിക്കും. പദ്ധതി വനാവകാശ നിയമത്തിനും എതിരാണ്. തങ്ങളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വാഴച്ചാൽ ആദിവാസി ഊര് മൂപ്പത്തി ഗീത നൽകിയ കേസ് ഹൈക്കോടതി പരിഗണിക്കുകയാണ്. എന്നിട്ടും പദ്ധതിയെ അനുകൂലിക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എതിർപ്പുകളെ അവഗണിച്ചു സർക്കാർ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ ആശങ്കയും സങ്കടവും ഊര് മൂപ്പത്തി ഗീത എന്നെ ഫോണിൽ വിളിച്ചു അറിയിച്ചു.
കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്നു പ്രതിഷേധിക്കാൻ പോലും അവസരമില്ലാതിരിക്കെ സർക്കാർ സമീപനം വേദനിപ്പിക്കുന്നതായി ഗീത പറഞ്ഞു.