റാന്നി ജാതിവിവേചന കേസ്; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിന്റെ ബെഞ്ച് മാറ്റണമെന്ന ആവശ്യവുമായി കെ.എം ഷാജഹാൻ
പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്തിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്നും ഷാജഹാൻ പറഞ്ഞു
റാന്നി: പത്തനംതിട്ട റാന്നി ജാതിവിവേചന കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിന്റെ ബെഞ്ച് മാറ്റണമെന്ന ആവശ്യവുമായി സാമൂഹ്യപ്രവർത്തകൻ കെ.എം ഷാജഹാൻ. ഇക്കാര്യമുന്നയിച്ച് ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിക്കും പരാതി നല്കുമെന്നും കേസില് കക്ഷി ചേരുന്ന കാര്യം പരിശോധിക്കുന്നമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്തിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്നും ഷാജഹാന് പറഞ്ഞു.
ഹൈക്കോടതി കോഴവിവാദ കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെ തുടർന്ന് കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നതിനിടയിലാണ് റാന്നി ജാതിവിവേചന കേസിലെ ഷാജഹാന്റെ ഇടപെടൽ. പ്രതികളുടെ ജാമ്യം തിരിച്ച് വിളിച്ചെങ്കിലും കേസിൽ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണമെന്നും ഷാജഹാൻ പറഞ്ഞു. ഇരകളുടെ വാദം കേള്‍ക്കാതെ മുൻ കൂർ ജാമ്യം അനുവദിച്ച നടപടി മാത്രമല്ല പിഴവ് , പട്ടിക ജാതി കേസുകള്‍ സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശങ്ങളുടെ ലംഘനങ്ങളും റാന്നി കേസിലുണ്ടായിട്ടുണ്ടെന്നും ഷാജഹാന് പറഞ്ഞു.
ജാതി വിവേചന കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സിയാദ് റഹ്മാന് ബെഞ്ചില് നിന്നും കേസ് മാറ്റമണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിക്കും പരാതി നൽകുമെന്നും കേസിൽ കക്ഷി ചേരുന്ന കാര്യം പരിശോധിക്കുന്നമെന്നും ഷാജഹാൻ പറഞ്ഞു. റാന്നി കേസിലെ ഇരകള്‍ക്കെതിരായ നിലപാടാണ് പൊലീസും സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള കാര്യങ്ങളിലും ഇരകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഷാജഹാന് വ്യക്തമാക്കി.