നടിക്ക് അവസരം നൽകാത്തതിലുള്ള വൈരാഗ്യം, കേസ് കെട്ടിച്ചമച്ചത്: വിജയ് ബാബു
ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്കി. എറണാകുളം തേവര സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ
എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എറണാകുളം തേവര സ്റ്റേഷനിലെ ചോദ്യം ചെയ്യൽ നാളെയും തുടരും. നാളെ രാവിലെ 9 മണിക്ക് ഹാജരാകാൻ പോലീസ് നിർദേശം നൽകി. നടിക്ക് സിനിമയിൽ അവസരം നല്കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും, കെട്ടിച്ചമച്ച കേസണെന്നും വിജയ് ബാബുവിന്റെ മൊഴി. ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്കി.
രാവിലെ 9 മണിയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയത്. കോടതിയിൽ വിശ്വാസമുണ്ടെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. നാളെ വരെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 9.30 ന് നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു കോടതിയിൽ ഹാജരാക്കിയ യാത്ര രേഖകളിൽ വ്യക്തമാക്കിയിരുന്നത്.
മാർച്ച് മാസം 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.