"പരാതിയിൽ ഉറച്ചുനിൽക്കുന്നു, ഈ വീട്ടിലെത്തിയിട്ടും എന്നെ മർദ്ദിച്ചിട്ടുണ്ട്"; എൽദോസിന് ജാമ്യം ലഭിച്ചതിൽ പരാതിക്കാരി

വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന എംഎൽഎയുടെ വാദം പരാതിക്കാരി തള്ളി.

Update: 2022-10-20 11:38 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാതെ പരാതിക്കാരി. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. 

എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ വെച്ചും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മർദ്ദനമേറ്റിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന എംഎൽഎയുടെ വാദം പരാതിക്കാരി തള്ളി. താൻ അവിടെയുണ്ടായിരുന്ന സമയം വീട്ടിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരി പറയുന്നത്. 

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിലിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സംസ്ഥാനം ട്ട് പോകരുത്, ഫോണും പാസ്‍പോര്‍ട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

വിഷയത്തിൽ നേരത്തെ എൽദോസ് കെപിസിസിക്ക് വിശദീകരണം നൽകിയിരുന്നു. വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. താൻ നിരപരാധിയാണെന്ന് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച എൽദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. പാർട്ടി നടപടിയെടുക്കും മുൻപ് തന്നെ കൂടി കേൾക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു.

അതേസമയം, എൽദോസിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഒളിവിൽ പോകാതെ പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. കോടതി ഉത്തരവ് എന്തായാലും നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എൽദോസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. എൽദോസിനെതിരായ പാർട്ടി നടപടി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News