ഭൂതവും പ്രേതവുമൊന്നുമല്ല; അജ്ഞാത ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ്

മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും വീട്ടില്‍ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു

Update: 2021-10-02 05:46 GMT
Advertising

കോഴിക്കോട് പോലൂരില്‍ ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ്. സ്ഥലം പരിശോധിച്ച ഉന്നതതല വിദഗ്ധ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചു.

മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും വീട്ടില്‍ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെയാണ് ചില അജ്ഞാത ശബ്ദങ്ങള്‍ വീട്ടില്‍ കേള്‍ക്കാന്‍ തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ആദ്യം തോന്നലാകുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി.

പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം സംഭവവികാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ബിജുവിന്‍റെ വീട്ടില്‍ താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേട്ടുകൊണ്ടിരുന്നത്. ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവെച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു.

Full View

ഇതിന് പിന്നാലെയാണ് സംഭവം പഠനത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജി ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപത്തെ വീട്ടിലെ കിണറുകൾ, ചുമരിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷൻസ് സെന്‍ററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, ജിയോളജിസ്റ്റ് എസ് .ആർ അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.

സോയില്‍ പൈപ്പിംഗാണ് ശബ്ദത്തിന് കാരണമെന്ന് വ്യക്തമായതോടെ കൂടുതല്‍ പഠനം നടത്താന്‍ വിദഗ്ധ സംഘം തീരുമാനിച്ചു. വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളം ഭൂമിക്കടിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. ഇതിനൊപ്പം മണ്ണൊലിപ്പുമുണ്ടാകും. ഇത് ശബ്ദത്തിന് കാരണമാകുന്നതായാണ് നിഗമനം. സ്ഥലത്ത് നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്‍റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്താനാണ് തീരുമാനം. വിദഗ്ധ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള സ്ഥലമാണോ ഇതെന്ന പരിശോധനയും നടത്തുന്നുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News