തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന ബിൽ സംഘ്പരിവാർ സമഗ്രാധിപത്യം ഉറപ്പിക്കുന്ന നീക്കം: റസാഖ് പാലേരി

ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്യവും കാത്തു സൂക്ഷിക്കാൻ പരിശ്രമിക്കേണ്ട നിയമ നിർമാണ സഭയെ ഉപയോഗിച്ച് അത്തരം സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സംഘ്പരിവാർ പദ്ധതിയുടെ പുതിയ നീക്കമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2023-12-14 10:52 GMT
Advertising

കോഴിക്കോട്: സംഘ്പരിവാറിന്റെ വംശീയ രാഷ്ട്ര നിർമിതി ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടുന്ന സമിതിയിൽനിന്ന് കേന്ദ്രസർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു തീരുമാനം ഉണ്ടാകില്ലെന്നത് വ്യക്തമായ കാര്യമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്യവും കാത്തു സൂക്ഷിക്കാൻ പരിശ്രമിക്കേണ്ട നിയമ നിർമാണ സഭയെ ഉപയോഗിച്ച് അത്തരം സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സംഘ്പരിവാർ പദ്ധതിയുടെ പുതിയ നീക്കമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ നിശ്ചിത കാലയളവുകളിൽ നടക്കുന്ന ഒരു നടപടിക്രമം മാത്രമല്ല, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നതിന്റെ അവശേഷിക്കുന്ന അടയാളം കൂടിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ സർക്കാരിന്റെ ആജ്ഞാനുവർത്തിയായി മാറ്റുന്നതിലൂടെ ബാക്കിയുള്ള രാഷ്ട്രീയ ജനാധിപത്യത്തെയും കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിയമനിർമാണ സഭകളിലൂടെ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കുന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ശക്തിപ്പെടുത്തേണ്ട നിർണായക സന്ദർഭമായി ഈ ബില്ലിനെതിരായ സമരത്തെ വികസിപ്പിക്കാൻ യോജിച്ച ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News