രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനു മുമ്പ് തൻ്റെ വാദം കേൾക്കണം; ആവശ്യവുമായി മുൻ ഡെപ്യൂട്ടി തഹസീൽദാർ
പട്ടയം കൈപ്പറ്റിയ തൊണ്ണൂറ്റിയൊന്നു പേരോടും മതിയായ രേഖകൾ സഹിതം ദേവികുളം ആര്‍ഡിഒ ഓഫീസിൽ ഹാജരാകാനാണ് റവന്യു വകുപ്പിൻ്റെ നിർദേശം
വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനെതിരെ മുൻ ഡെപ്യൂട്ടി തഹസീൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ രംഗത്ത്. പട്ടയം റദ്ദാക്കുന്നതിനു മുമ്പ് തൻ്റെ വാദം കേൾക്കണമെന്ന് എം.ഐ.രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രഥമ പരിഗണന പുതിയ പട്ടയം നൽകുന്നതിനാണെന്നായിരുന്നു റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ്റെ മറുപടി. ഇതിനിടെ പട്ടയം റദ്ദ് ചെയ്യുന്നതിൻ്റെ ഭാഗമായി ആദ്യ ഹിയറിംഗ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേവികുളത്ത് ഇന്ന് നടക്കും.
ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം.ഐ രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങള്‍ റദ്ദാക്കാന്‍ ജനുവരി 18-നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിൻ്റെ ഭാഗമായി നോട്ടീസ് കൈപ്പറ്റിയ മറയൂര്‍,കാന്തല്ലൂര്‍,കീഴാന്തൂർ വില്ലേജുകളിലുള്ളവരുടെ ഹിയറിങ്ങ് ആണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
പട്ടയം കൈപ്പറ്റിയ തൊണ്ണൂറ്റിയൊന്നു പേരോടും മതിയായ രേഖകൾ സഹിതം ദേവികുളം ആര്‍ഡിഒ ഓഫീസിൽ ഹാജരാകാനാണ് റവന്യു വകുപ്പിൻ്റെ നിർദേശം. ഇതിനിടെ പട്ടയം റദ്ദ് ചെയ്യുന്നതിനു മുന്നോടിയായി തൻ്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് എം.ഐ.രവീന്ദ്രൻ രംഗത്തെത്തി.
എന്നാൽ നിലവിലെ പട്ടയം റദ്ദാക്കി പുതിയ പട്ടയം നൽകുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നായിരുന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ്റെ മറുപടി. അഴിമതി വച്ച് പൊറുപ്പിക്കില്ലെന്നുംവിവാദങ്ങൾക്കിട നൽകാതെ സർക്കാരിൻ്റെ നുറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 4000 പേർക്ക് കൂടി പട്ടയം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.