ഏക സിവിൽകോഡ്: ബി.ജെ.പി അജണ്ടകളുടെ നടത്തിപ്പുകാരായി സി.പി.എം മാറരുത് - റസാഖ് പാലേരി

ബി.ജെ.പി മനസ്സിൽ കണ്ടത് മാനത്ത് കാണിച്ചു കൊടുക്കുന്ന നീക്കമാണ് സി.പി.എം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

Update: 2023-07-10 07:43 GMT
Advertising

കോഴിക്കോട്: സംഘ്പരിവാറിന്റെ കെണികൾ തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രത്തായ നീക്കങ്ങൾ വിവിധ കോണുകളിൽനിന്ന് ശക്തിപ്പെടുമ്പോൾ താത്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി അവർക്ക് ചൂട്ടുപിടിച്ചുകൊടുക്കുന്ന നീക്കങ്ങളിൽനിന്ന് സി.പി.എം പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബി.ജെ.പി നടപ്പാക്കാനുദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏക സിവിൽകോഡ്. വൈവിധ്യങ്ങളെയും വിവിധ മത - സമുദായ - ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്‌കാസനം ചെയ്യൽ അവരുടെ സവർണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ വീണ്ടും ബി.ജെ.പി ഏക സിവിൽകോഡിനെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ബി.ജെ.പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏക സിവിൽകോഡിനെ മുസ്ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യഥാർഥത്തിൽ എല്ലാ മത - സമുദായ - ഗോത്ര വിഭാഗങ്ങളുടെയും സ്വതന്ത്ര അസ്തിത്വത്തെയും രാജ്യത്തിന്റെ മുഴുവൻ സാംസ്‌കാരിക വൈവിധ്യങ്ങളെയും ബാധിക്കുന്ന ആശയമാണത്. അതിനെ മറച്ചു പിടിച്ച് ധ്രുവീകരണത്തിലൂടെയും ദ്വന്ദ്വ നിർമിതിയിലൂടെയും തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പി ഇപ്പോൾ കണക്ക് കൂട്ടുന്നത്. ധ്രുവീകരണ അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം ഉന്നയിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിച്ചണി നിരക്കേണ്ടതുണ്ട്.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും സമാന സ്വഭാവത്തിലുള്ളതാണ്. ഏക സിവിൽകോഡിനെതിരെ വിശാല പ്രതിരോധത്തെ കുറിച്ച് പറയുന്ന സി.പി.എമ്മും വിഷയത്തെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്. യഥാർത്ഥത്തിൽ ഏക സിവിൽകോഡിന് വേണ്ടി നിലകൊണ്ട ചരിത്രമുള്ള പാർട്ടിയാണ് സി.പി.എം. ഷാബാനു കേസിന്റെ സന്ദർഭത്തിൽ കേരളത്തിൽ സി.പി.എം കൈക്കൊണ്ട നിലപാടുകളും അവർ നടത്തിയ പ്രചരണങ്ങളുമാണ് കേരളീയ ചരിത്രത്തിൽ ആദ്യമായി ആർ.എസ്.എസ് രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ നേരിയ തോതിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയത്.

ഇപ്പോൾ സി.പി.എം ഏക സിവിൽ കോഡിനെതിരിൽ ശബ്ദമുയർത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ അപ്പോഴും ബി.ജെ.പി ഉയർത്തുന്ന അതേ ധ്രുവീകരണ ഭാഷയാണ് പ്രതിരോധിക്കാനാണെന്ന ഭാവത്തിൽ സി.പി.എമ്മും ഉപയോഗിക്കുന്നത്. ഏക സിവിൽകോഡ് മുസ്ലിം വിഷയമായി മാത്രം പരിമിതപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിൽ തന്നെ ചില മുസ്ലിം സംഘടനകളെയും രാഷ്ട്രീയ സംഘടനകളെയും ഒഴിവാക്കിക്കൊണ്ടുള്ള പ്രതിരോധം കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമുള്ള നാടകമാണ്. ബി.ജെ.പി മനസ്സിൽ കണ്ടത് മാനത്ത് കാണിച്ചു കൊടുക്കുന്ന നീക്കമാണ് സി.പി.എം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News