റസാഖ് പയമ്പ്രോട്ടിന്‍റെ മരണം: പഞ്ചായത്തിനെതിരെ സമരം ശക്തമാക്കാന്‍ യു.ഡി.എഫ്
പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തില്‍ അനുവദിച്ച പരിധിക്കപ്പുറം മാലിന്യം സംസ്കരിക്കുന്നുണ്ടോയെന്ന കാര്യം അറിയില്ലെന്ന് പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ മുഹമ്മദ്
മലപ്പുറം: ഇടത് സഹയാത്രികനും സംസ്കാരിക പ്രവർത്തകനുമായ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. ഇന്ന് രാവിലെ പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും. അതേസമയം, വിവാദ പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തില്‍ അനുവദിച്ച പരിധിക്കപ്പുറം മാലിന്യം സംസ്കരിക്കുന്നുണ്ടോയെന്ന കാര്യം അറിയില്ലെന്ന് പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു.
സി.പി.എം നേതൃത്വം നല്കുന്ന ഭരണസമതി ഭരിക്കുന്ന പഞ്ചായത്ത് ഓഫിസിനുമുന്നിലായിരുന്നു ഇന്നലെ റസാഖ് ജീവനൊടുക്കിയത്. സംഭവത്തെ വലിയ ഗൗരവത്തോടെയാണ് യു.ഡി.എഫ് കാണുന്നത്. പഞ്ചായത്ത് പ്രസിഡന്‍റിനും ഭരണസമിതിക്കുമെതിരെ നിരന്തര സമരത്തിലായിരുന്ന റസാഖിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെക്കുക, വിവാദമായ പ്ലാസ്റ്റിക് മാലിന്യകേന്ദ്രം അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് യു.ഡി.എഫ് പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും.
അതിനിടെ, അനുമതിയുടെ കാര്യത്തില്‍ മാത്രമല്ല പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തില്‍ ഇടപെടാന്‍ പോലും പഞ്ചായത്ത് ഭരണസമിതിക്കു കഴിയില്ലെന്ന വാദവുമായി പ്രസിഡന്‍റ് കെ.കെ മുഹമ്മദ് രംഗത്തെത്തി. പ്രസിഡന്‍റിന്‍റെ വാദം തെറ്റാണെന്ന നിലപാടുള്ള റസാഖിന്റെ കുടുംബവും പഞ്ചായത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.
Summary: Razak Payambrot death follow-up