ജീവിതം പാർട്ടിക്കൊപ്പം; ജീവനൊടുക്കിയത് പാർട്ടി ഭരിക്കുന്ന പഞ്ചായത്തോഫീസിൽ- നോവായി റസാഖ്
രണ്ടു തവണ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറിയായിരുന്നു
സ്വന്തം നാട്ടിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വർഷങ്ങളായി സമരമുഖത്തുള്ള ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ മരണം വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. നിയമം കാറ്റില്‍പറത്തി പ്രവർത്തിക്കുന്ന സംസ്‌കരണ പ്ലാന്റിന് സ്റ്റോപ് മെമോ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു റസാഖിന്‍റെ പോരാട്ടം. ഇക്കാര്യത്തിനായി പലകുറി റസാഖ് പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. ഇതിൽ മനം നൊന്താണ് റസാഖ് ജീവനൊടുക്കിയത് എന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച രാവിലെയാണ് രണ്ടു തവണ മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സെക്രട്ടറി കൂടിയായിരുന്ന റസാഖ് പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. പഞ്ചായത്തിന് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
റസാഖിന്റെ പോരാട്ടം
സ്വന്തം വീടിന് സമീപം, പുളിക്കൽ പഞ്ചായത്തിലെ 14-ാം വാർഡിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ ശാലയ്‌ക്കെതിരെയുള്ള പോരാട്ടമുഖത്തായിരുന്നു റസാഖ്. ഗ്രീൻ എർത്ത് റീസൈക്ക്‌ളേഴ്‌സ് എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യം പ്രവർത്തിച്ചിരുന്നത്. പ്ലാന്റിനെതിരെ മൂന്നു വർഷം മുമ്പ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ റസാഖ് പരാതിപ്പെടുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. പ്രവർത്തനാനുമതി അപേക്ഷ, അപേക്ഷയിൽ സമർപ്പിച്ച സൈറ്റ് പ്ലാൻ, സത്യവാങ്മൂലം എന്നിവയിൽ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് കണ്ടെത്തിയായിരുന്നു എൻവിയോൺമെന്റ് എഞ്ചിനീയറുടെ ഉത്തരവ്. എന്നാൽ എഎം ട്രേഡേഴ്‌സ് എന്നു പേരുമാറ്റി സ്ഥാപനം വീണ്ടും പ്രവർത്തനം തുടരുകയായിരുന്നു.
റസാഖിന്റെ ജ്യേഷ്ഠൻ പയമ്പ്രോട്ട് അഹമ്മദ് ബഷീറാണ് പ്ലാന്റിനെതിരെ ആദ്യം മഞ്ചേരി മുൻസിഫ് കോടതിയെ സമീപിച്ചത്. എന്നാൽ കഴിഞ്ഞ മാർച്ചിൽ ബഷീർ ഇൻഡസ്ട്രിയൽ ലങ് ഡിസീസ് ബാധിച്ച് മരിച്ചു. മലിനീകരണത്തിന്റെ ആഘാതം മൂലമാണ് ബഷീർ മരണത്തിന് കീഴടങ്ങിയത് എന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നത്. എന്നാൽ അധികൃതർ ചെറുവിരലനക്കിയില്ല. ബഷീറിന്റെ വീടിനോട് ചേർന്നാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ കുടുംബം ഇവിടെ നിന്ന് വീടൊഴിഞ്ഞു പോയി. പ്ലാന്റ് അടച്ചുപൂട്ടിയിട്ടേ തിരികെ വീട്ടിലേക്ക് വരൂ എന്ന് വീടിന്റെ ഗെയ്റ്റിൽ ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് അധികൃതരുടെ ഒത്താശയില്ലാതെ സ്ഥാപനം പ്രവർത്തിക്കാനാകില്ല എന്നാണ് റസാഖ് ചൂണ്ടിക്കാട്ടിയിരുന്നത്. അടച്ചുപൂട്ടാനുള്ള ഉത്തരവുണ്ടായിട്ടും ഒരു ദിവസം പോലും അതു നടപ്പായില്ലെന്ന് അദ്ദേഹം പുളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ പരിധിയിൽ വരുന്നതല്ല പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റെന്ന് അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടിനെ ബോധ്യപ്പെടുത്തിയിരുന്നു. ജനവാസ മേഖലയിൽ നികുതി വെട്ടിച്ച് നടത്തുന്ന സ്ഥാപനത്തിന് എത്രയും വേഗം സ്റ്റോപ് മെമോ നൽകണമെന്നായിരുന്നു റസാഖിന്റെ ആവശ്യം. എന്നാൽ ആവശ്യമായ നടപടിയെടുക്കാനോ സ്വതന്ത്രമായ അന്വേഷണം നടത്താനോ സിപിഎം ഭരണസമിതി തയ്യാറായില്ല.
പരാതികൾ ഒടുപാട് നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അവഗണയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 'അന്തരീക്ഷത്തിലെ മണം കൊണ്ട് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്. കുട്ടികൾക്ക് അലർജി പോലുള്ള അസുഖങ്ങളുണ്ട്. നൂറു കിലോ ശേഷിയാണ് ഇവർക്ക് സംസ്‌കരണത്തിനായി അനുവദിച്ചിട്ടുള്ളത്. എന്നാൽ ദിനം പ്രതി നാല്-അഞ്ച് ലോറികൾ വരും. അതു കണ്ടാൽ തന്നെ മനസ്സിലാകും.' -നാട്ടുകാരിലൊരാൾ മീഡിയവണിനോട് പറഞ്ഞു.
വീടും പറമ്പും പാർട്ടിക്ക്
വീടും പുരയിടവും സിപിഎമ്മിന് നൽകാൻ സന്നദ്ധത അറിയിച്ച അടിയുറച്ച പാർട്ടി പ്രവർത്തകൻ കൂടിയായിരുന്നു റസാഖ്. വീട് ഇ.എം.എസ് അക്കാദമിയുടെ പ്രാദേശിക കേന്ദ്രമാക്കണമെന്നാണ് റസാഖും ഭാര്യ ഷീജയും ആവശ്യപ്പെട്ടിരുന്നത്. സ്വത്തുവകകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്തുമെഴുതിയിരുന്നു.
തറവാട് വക ഭൂമിയിൽനിന്ന് വിഹിതമായി ലഭിച്ച എട്ട് സെന്റ് സ്ഥലവും ഇരുനില വീടും ആയിരത്തിലധികം പുസ്തക ശേഖരവുമുള്ള ഗ്രന്ഥാലയവുമാണ് റസാഖ് പാർട്ടിക്ക് കൈമാറാൻ തീരുമാനിച്ചിരുന്നത്. കേന്ദ്രത്തിൽ പാർട്ടി സ്‌കൂൾ ആരംഭിക്കണമെന്നും ബാലസംഘത്തിന്റെ ആസ്ഥാനമായി ഇതു മാറണമെന്നും അന്ന് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ റസാഖ് പറഞ്ഞിരുന്നു. എന്നാൽ പ്രാദേശിക പാർട്ടി നേതൃത്വവുമായുള്ള തർക്കങ്ങൾ മൂലം തീരുമാനം നടപ്പാക്കാൻ റസാഖിനായിരുന്നില്ല. മരിച്ച ശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറണമെന്നും റസാഖ് ഒസ്യത്ത് ചെയ്തിരുന്നു.