'എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം'; ഭീഷണിയുണ്ടെന്ന് അലി അക്ബർ

"മുസൽമാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം"

Update: 2022-01-30 06:46 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: ധാരാളം ഭീഷണികൾ ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണെന്നും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്ത സംവിധായകൻ അലി അക്ബർ (രാമസിംഹൻ). മുസൽമാനായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീഷണികൾ ധാരാളം ഉണ്ട്. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു അവസ്ഥയിൽ തന്നെയാണ് വളരെക്കാലമായി ഞാൻ ഉള്ളത്. മുസൽമാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം. ഈ രാമസിംഹൻ മരിച്ചാൽ രാമനാമം ഉറക്കെ ചൊല്ലി എന്നെ സംസ്‌കരിക്കണം. അപ്പോഴേ ഒരായിരം രാമസിംഹന്മാർ ഇനിയും വരികയുള്ളൂ. ഒരുപാട് കാലം അടിമയായി നിന്ന് മരിക്കുന്നതിനേക്കാൾ നല്ലത് എതിർത്തു നിന്ന് ധീരമായി ഭാരത സംസ്‌കാരത്തിനുവേണ്ടി മരണം വരിക്കുന്നതാണ്' - രാമസിംഹൻ കൂട്ടിച്ചേർത്തു.

വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്ലിം ചെറുപ്പക്കാരെ കണ്ട് ചില ഹിന്ദു പെൺകുട്ടികളെങ്കിലും വശീകരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും രാമസിംഹൻ ആരോപിച്ചു.

'ലൗ ജിഹാദിന് പിന്നിൽ മറ്റൊരു ഘടകം കൂടിയുണ്ട്. വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്ലിം ചെറുപ്പക്കാരെ കണ്ട് ചില പെൺകുട്ടികളെങ്കിലും ഭ്രമിച്ചു പോകുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇത് മുതലെടുത്ത് പതുക്കെ അവരിലേക്ക് മതം ഇൻജെക്ട് ചെയ്യുകയാണ്. നേരായ വഴിയിലൂടെ ഇത് നടക്കുന്നില്ലെങ്കിൽ ലഹരിയിലൂടെ അതിന് ശ്രമിക്കും. ഭ്രമാത്മക ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണ നമ്മുടെ കുട്ടികൾക്ക് നൽകണം. അതോടൊപ്പം ഒരു സമാജമെന്ന നിലയിൽ സാമ്പത്തികമായി ഹിന്ദുക്കൾ മുന്നോട്ടു വരുകയും വേണം.'- അദ്ദേഹം ആവശ്യപ്പെട്ടു.

മതം മാറിയപ്പോൾ എന്തു കൊണ്ടാണ് രാമസിംഹൻ എന്ന പേരു സ്വീകരിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയതിങ്ങനെ;

'രാമസിംഹൻ എന്ന പേര് ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ ഇസ്ലാമിലെ തീവ്ര ചിന്താഗതിക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. മായ്ച്ചുകളയാൻ ശ്രമിക്കുന്ന പേരുകൾ ഉറക്കെ വിളിച്ചു പറയുക എന്നത് ചരിത്രപരമായ ഒരു ദൗത്യമാണ്. ഞാൻ രാമസിംഹൻ എന്ന പേര് സ്വീകരിച്ചതോടെ ആരായിരുന്നു രാമസിംഹൻ എന്ന അന്വേഷണം വ്യാപകമായി. ഇതൊരു ചെറിയ കാര്യമല്ല. 1947-ൽ രാമസിംഹനെ ഇല്ലാതാക്കിയവർ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. അവർക്ക് മുന്നിൽ രാമസിംഹൻ ഇല്ലാതായിട്ടില്ല എന്ന് വിളിച്ചു പറയാൻ എന്റെ ഈ തീരുമാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു രാമസിംഹനെ ഇല്ലാതാക്കിയാൽ ആയിരം രാമസിംഹന്മാർ ഉണ്ടായി വരും എന്ന സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും.'

താൻ സംവിധാനം ചെയ്യുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും ഷൂട്ടിങ് മുടക്കാൻ വരെ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു. 'അമ്പത് ദിവസത്തോളമാണ് ഷൂട്ടിംഗ് നടന്നത്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലസ്ഥലത്തും ഷൂട്ട് ചെയ്യാൻ പോലും പോലീസുകാർ സമ്മതിച്ചില്ല. എവിടെ പെർമിഷൻ ചോദിച്ചാലും തരില്ല. അങ്ങനെ സിനിമയെ തടസ്സപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഇത് മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ട് വീടിന്റെ സമീപത്ത് ഒരു ഷെഡ് കെട്ടി അതിൽ തന്നെ സിനിമയുടെ സെറ്റ് ഇട്ടിരുന്നു. ഇത്തരത്തിൽ കൃത്യമായി പ്ലാൻ ചെയ്തതുകൊണ്ടാണ് സിനിമ പൂർത്തിയാക്കാനായത്. അതിനെ തകർക്കാൻ പലരും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.'

സിനിമയ്ക്കായി കൂടുതൽ പണം തന്നത് അമ്മമാരും സ്ത്രീകളുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

'സിനിമയ്ക്ക് ഏറ്റവും കൂടുതൽ പണം തന്നത് അമ്മമാരും സ്ത്രീകളുമാണ്. വിദേശത്ത് നിന്ന് ധാരാളം പേർ പണം തന്നിട്ടുണ്ട്. പിന്നെ 1921 ൽ കലാപത്തിന്റെ ഇരകളായി മലബാറിൽ നിന്ന് പലായനം ചെയ്തുപോയ ധാരാളം കുടുംബങ്ങളുണ്ട്. അവരും പണം തന്നിട്ടുണ്ട്. മാപ്പിള കലാപത്തിന്റെ യഥാർത്ഥ ചരിത്രത്തെ സത്യസന്ധമായി തന്നെ സിനിമയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. 1921 ന്റെ ഉപകഥകൾ ധാരാളമുണ്ട്. ആ ചരിത്രം ഒരു സിനിമയിൽ ഒതുങ്ങി നിൽക്കുന്നതല്ല.' - അദ്ദേഹം പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News