കീം എക്സാം സെന്‍ററുകള്‍ അനുവദിച്ചതിലെ അപാകത പരിഹരിക്കുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലക്കുന്ന തീരുമാനം പരീക്ഷ കമ്മിഷണർ ഉടൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് -മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) സെന്‍ററുകള്‍ നിർണയിച്ചതിലെ അപാകത ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലക്കുന്ന തീരുമാനം പരീക്ഷ കമ്മിഷണർ ഉടൻ പിൻവലിക്കണം.ജൂൺ 5 മുതൽ ആരംഭിക്കുന്ന കീം പരീക്ഷക്ക് വിദൂര ജില്ലകളിലാണ് പല വിദ്യാർത്ഥികൾക്കും സെന്ററുകൾ അനുവദിച്ചിട്ടുള്ളത്.
അപേക്ഷാ സമയത്ത് സെന്‍ററുകള്‍ ആയി നാല് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകുകയും എന്നാൽ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത നാലു ഓപ്ഷനുകളിൽ ഒന്നിൽ പോലും സെന്ററുകൾ അനുവദിക്കാതെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നതാണ് പരീക്ഷ കമ്മീഷണറുടെ നടപടി. രാവിലെ ഏഴര മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് അടക്കം പല വിദ്യാർത്ഥികളും നിലവിലെ അവസ്ഥയിൽ എറണാകുളം,കോട്ടയം തുടങ്ങിയ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുക എന്നത് സാഹസികമാണ്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പ്രവേശന പരീക്ഷയായ ഇതിൽ തികച്ചും വിദ്യാർത്ഥി വിരുദ്ധമായിട്ടാണ് കേന്ദ്രങ്ങൾ അനുവദിച്ചത്. പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ സംഭവിക്കുന്നത്.
പരീക്ഷാ സെന്ററുകൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിച്ച് പുതിയ സെന്ററുകൾ വിദ്യാർത്ഥികൾക്ക് നിർണയിച്ചു നൽകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, ലബീബ് കായക്കൊടി, അമീൻ റിയാസ്, ഡോ.സഫീർ എ.കെ, ഗോപു തോന്നക്കൽ എന്നിവർ സംസാരിച്ചു.