പള്ളിതര്‍ക്കത്തില്‍ ഹിതപരിശോധന; നിയമപരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശക്കെതിരെ ഓർത്തഡോക്സ് സഭ
ശിപാർശയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ഓർത്തഡോക്സ് സഭാ തീരുമാനം
പള്ളിതര്‍ക്കത്തില്‍ ഹിതപരിശോധന വേണമെന്ന നിയമപരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശക്കെതിരെ കടുത്ത നിലപാടുമായി ഓർത്തഡോക്സ് സഭ. സുപ്രിം കോടതി വിധി മറികടന്ന് നിയമനിര്‍മാണം നടത്താനുള്ള ശ്രമം നിലനില്‍ക്കില്ലെന്നും ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു. ശിപാർശയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ഓർത്തഡോക്സ് സഭാ തീരുമാനം.
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പള്ളികളില്‍ മുതിര്‍ന്ന വിശ്വാസികളുടെ ഹിതപരിശോധന നടത്തി ഭൂരിപക്ഷമുള്ളവര്‍ക്ക് അനുകൂലമായി വിധി നടപ്പാക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ. സുപ്രിം കോടതി വിധി ഇതിന് തടസമാകില്ലെന്നും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. എന്നാല്‍ ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നാണ് ഓര്‍ത്തഡോക്സ് സഭ പറയുന്നത്. സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടപ്പാക്കാനുള്ള ശ്രമം നിലനില്‍ക്കില്ല. പള്ളി തര്‍ക്കം ഭരണം സംബന്ധിച്ച തര്‍ക്കമാണ്.
1934ലെ ഭരണഘടന പരിശോധിച്ച ശേഷമാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഈ വിധിക്കും മുകളിലാണ് ഹിതപരിശോധന എന്ന് പറയുന്നത് വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഈ ബില്ല് നടപ്പാക്കാന്‍ കൂട്ടു നില്‍ക്കരുതെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെടുന്നത്. ബില്ലുമായി മുന്നോട്ടുപോയാല്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിക്കൊണ്ട് വരാനും സഭ ആലോചിക്കുന്നുണ്ട്.