സിൽവർലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജായി; വീടുകള്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ നാലര ലക്ഷം രൂപ

കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും

Update: 2022-01-04 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ റെയില്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ വിവരങ്ങൾ പുറത്ത്. വീടു നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ട പരിഹാരവും 1.60 ലക്ഷവും ലൈഫ് മാതൃകയിൽ വീടും നൽകാനുമാണ് തീരുമാനം. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്. 


Full View

അതേസമയം സിൽവർ ലൈൻപദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും .സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്.

സിൽവർ ലൈൻ ബാധിക്കുന്ന പതിനൊന്ന് ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങൾ നടത്തുന്നത്. അടുത്താഴ്ച കൊച്ചിയിലും അതിടനടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. കെ റെയില്‍ വരേണ്യവര്‍ഗത്തിന്‍റെ പദ്ധതിയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകും. പൗരപ്രമുഖരുടെ യോഗങ്ങള്‍ക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്ട്രീയപാര്‍ട്ടികളുടേയും ജനപ്രതിനിധികളുടെയും യോഗവും ചേരാനാണ് സര്‍ക്കാര്‍ ആലോചന.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News