വിപ്ലവം സൃഷ്ടിച്ച മിശ്രവിവാഹം; പി.ടി എന്ന ആദര്‍ശധീരന്‍
നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്ത നേതാവായിരുന്നു പി.ടി തോമസ്
നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്ത നേതാവായിരുന്നു പി.ടി തോമസ്. ആ നിലപാട് അദ്ദേഹം ജീവിതത്തിലുടനീളം പിന്തുടര്‍ന്നു. സ്വന്തം വിവാഹത്തിന്‍റെ കാര്യത്തിലും മതത്തിന്‍റെ കെട്ടുപാടുകളില്ലാതെയാണ് അദ്ദേഹം ഉമയെ ജീവിതസഖിയാക്കിയത്.
എണ്‍പതുകളുടെ ആദ്യം മഹാരാജാസില്‍ പഠിക്കുന്ന കാലത്താണ് പി.ടി തോമസ് ഉമയെ ആദ്യമായിക്കാണുന്നത്. എം.എ ഹിസ്റ്ററി വിദ്യാര്‍ഥിയായ പി.ടി അന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റാണ്. യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു പ്രീഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ഉമയെ പരിചയപ്പെടുന്നത്. ഉമ പിന്നീട് കെ.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകയും കോളജ് യൂണിയന്‍ ഭാരവാഹിയുമായി. പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. യാഥാസ്‌ഥിതിക ബ്രാഹ്‌മണ കുടുംബമായിരുന്നു ഉമയുടേത്. പി.ടിയുടെ കുടുംബത്തിന് സമ്മതമായിരുന്നെങ്കിലും ഉമയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു പി.ടി ഉമയെ രജിസ്റ്റര്‍ വിവാഹം കഴിച്ചത്. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്കും ഭാര്യക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. മേഴ്സിയാണ് ഉമക്കായി സാരിയും താലിമാലയും വാങ്ങിയത്.
പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്നപ്പോള്‍ മതം ജീവിതത്തില്‍ ഒരിടത്തും ഒരു ബാധ്യതയാവരുതെന്ന് ഉമക്കും പി.ടിക്കും നിര്‍ബന്ധമുണ്ടായിരുന്നു. മക്കളായ വിഷ്‌ണുവിനെയും വിവേകിനെയും മതത്തിന്‍റെ കെട്ടുപാടുകളില്ലാതെയാണ് വളര്‍ത്തിയത്. സ്വാമി വിവേകാനന്ദനോടുള്ള താല്‍പര്യം കൊണ്ടാണ് രണ്ടാമത്തെ മകന് വിവേക് എന്ന് പേരു നല്‍കിയതെന്ന് പി.ടി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഇന്നു രാവിലെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പി.ടിയുടെ അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.