നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു
'തിരിച്ചയച്ചതിന്‍റെ കാരണം വ്യക്തമാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെന്നു മാത്രമാണു പറഞ്ഞത്'
പ്രശസ്ത നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. യു.കെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ഒസെല്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. പിന്നാലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടയുകയും യു.കെയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് തന്നെ തിരിച്ചയച്ചതെന്ന് ഫിലിപ്പോ ഒസെല്ല പ്രതികരിച്ചു.
ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങിയപ്പോള്‍, ഫ്‌ളൈറ്റ് അസിസ്റ്റന്റുമാരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിച്ചതായി ഒസെല്ല പറഞ്ഞു- "അവര്‍ എന്നെ എമിഗ്രേഷന്‍ വിഭാഗത്തിലേക്കു കൊണ്ടുപോയി. സാധാരണ നടപടിക്രമങ്ങള്‍ക്കുശേഷം അവര്‍ എന്റെ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയും ഫോട്ടോയും വിരലടയാളവും എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ എനിക്ക് അനുവാദമില്ലെന്നും ഉടന്‍ തിരിച്ചയയ്ക്കുമെന്നും പറഞ്ഞു. ഈ തീരുമാനം ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ അവര്‍ എടുത്തിരുന്നുവെന്നു വ്യക്തമാണ്. ദുബൈ വിമാനത്തില്‍ എന്നെ തിരിച്ചയയ്ക്കുന്നതിന്റെ നടപടികള്‍ക്കായി ഒരു എമിറേറ്റ്സ് ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നു"- ഒസെല്ലയുടെ പ്രതികരണം ദ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഒസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ എമിഗ്രേഷന്‍ ഓഫീസറുടെ പ്രതികരണം. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സൂപ്പര്‍വൈസറും അങ്ങേയറ്റം സ്നേഹശൂന്യമായും മര്യാദയില്ലാതെയുമാണ് പെരുമാറിയതെന്ന് ഒസെല്ല പറഞ്ഞു. എന്തുകൊണ്ടാണ് തനിക്കു പ്രവേശനം നിഷേധിക്കുന്നതെന്നും തിരിച്ചയയ്ക്കുന്നതെന്നും വിശദീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ഇത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെന്നു മാത്രമാണു പറഞ്ഞതെന്നും ഒസെല്ല വ്യക്തമാക്കി.
കൊച്ചിൻ യൂണിവേഴ്‌സിറ്റിയും സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് സ്റ്റഡീസും കേരള സർവകലാശാലയും സസെക്സ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഒസെല്ല തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയുമായി പ്രത്യേകിച്ച് കേരളവുമായുള്ള ഒസെല്ലയുടെ ബന്ധം 1980കളുടെ അവസാനം തുടങ്ങിയതാണ്. കേരളം ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങളെ കുറിച്ച് 30 വര്‍ഷമായി പഠനം നടത്തുന്നയാളാണ് ഒസെല്ല.