''മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രി''; ലോക കേരള സഭയിൽ റസൂൽ പൂക്കുട്ടിയുടെ വൈകാരിക പ്രസംഗം
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ആദ്യ സഭയിൽ യൂസഫലിയും നജീബും ഒരുമിച്ചാണിരുന്നത്. അത്തരം നജീബുമാർ മണലാരണ്യത്തിൽ ഇനിയുമുണ്ട്. അത്തരം നജീബുമാരുടെ വേദന അറിയാനുള്ള മനസ്സാക്ഷിയെങ്കിലും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: ലോക കേരള സഭയിൽ വൈകാരിക പ്രസംഗവുമായി ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി. താൻ പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലുമാണ്, മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രിയാണ്. അതുകൊണ്ട്തന്നെ താൻ സർക്കാർ സംവിധാനങ്ങളുടെ ഉത്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്താൻ മെനക്കെടുന്നെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ആദ്യ സഭയിൽ യൂസഫലിയും നജീബും ഒരുമിച്ചാണിരുന്നത്. അത്തരം നജീബുമാർ മണലാരണ്യത്തിൽ ഇനിയുമുണ്ട്. അത്തരം നജീബുമാരുടെ വേദന അറിയാനുള്ള മനസ്സാക്ഷിയെങ്കിലും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ എം.എ യൂസഫലിയും പ്രതിപക്ഷത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണോ ലോക കേരള സഭയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് കേരള സഭയുടെയും പ്രോഗ്രസ് കാർഡ് പുറത്തുവിടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും സതീശൻ പറഞ്ഞു.