'ഞങ്ങളുടെ വിദ്യാലയം തിരികെ തന്ന, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രിക്ക് പിറന്നാളാശംസകള്‍'

'സ്കൂള്‍ മാനേജ്മെന്‍റ് കൈവിട്ടതോടെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9ന് അപേക്ഷ നൽകി. 13 ദിവസം കൊണ്ട് പരിഹാരമായി'

Update: 2023-05-24 16:38 GMT
Advertising

തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്ന സ്കൂള്‍ തിരികെതന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് പിറന്നാള്‍ ആശംസകളുമായി റിട്ടയേഡ് പ്രധാനാധ്യാപിക ഷീബ തമ്പി. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുനീക്കപ്പെട്ട പാലപ്പെട്ടി എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ മാനേജ്‌മെൻറ് തയ്യാറായില്ല. മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വർഗത്തിൽ പെടുന്നവരുടെയും മക്കളാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കുന്നത്. മാനേജ്മെന്‍റ് കൈവിട്ടതോടെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9ന് അപേക്ഷ നൽകി. ഉടനെ വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും മന്ത്രി ശിവൻകുട്ടി ഇടപെട്ട് മേയ് 22ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കെട്ടിട നിർമാണം പൂർത്തിയാകുന്നതുവരെ പകരം സംവിധാനവും ലഭ്യമാക്കി. കേവലം 13 ദിവസം മാത്രമാണ് ഈ പ്രക്രിയക്ക് എടുത്തതെന്ന് അധ്യാപിക പറയുന്നു.

36 വര്‍ഷം ഈ സ്കൂളിലെ അധ്യാപിക, പ്രധാനാധ്യാപികയായി ജോലി ചെയ്ത് ഈ വർഷം പടിയിറങ്ങിയ തനിക്ക് ഈ സ്കൂൾ ഇനിയും ഒരുപാട് കാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിൽ പരം വലിയ സന്തോഷം മറ്റൊന്നുമില്ലെന്ന് അധ്യാപിക പറഞ്ഞു. പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള പൂർണ സാഹചര്യം ഒരുക്കി തന്ന, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രിക്ക് ഈ നാടിൻ്റെ മുഴുവൻ പിറന്നാളാശംസകളും. ഒപ്പം നിന്ന വിദ്യാഭ്യാസ മന്ത്രിക്കും സ്നേഹാശംസകളെന്ന് അധ്യാപിക കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

അങ്ങേക്ക് പിറന്നാൾ ആശംസകൾ നേരുന്നു .

സാധാരണ പിറന്നാൾ സമ്മാനം അങ്ങേക്കാണ് തരേണ്ടത്. എന്നാൽ വളരെ വിലപിടിച്ച ഒരു സമ്മാനം താങ്കൾ ഞങ്ങൾക്കു സമ്മാനിച്ചു.

അതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനാണി എഴുത്ത് !

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി ഞാൻ പ്രധാനാധ്യാപിക ആയിരുന്ന പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പൊളിച്ചുനീക്കപ്പെട്ടു.

തീരദേശ പ്രദേശത്തെ ഏറ്റവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വർഗ്ഗത്തിൽ പെടുന്നവരുടെയും മക്കളാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കുന്നത്.

ഒഴിവു ദിനങ്ങളിൽ അമ്മമാർക്ക് ലൈബ്രറിയായും ധാരാളം പൊതുപരിപാടികൾക്ക് അങ്കണമായും പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ സ്കൂൾ വിദ്യാർഥികളുടേത് മാത്രമായിരുന്നില്ല, നാടിന്റെ മുഴുവൻ ജീവനുമായിരുന്നു ..

പൊളിച്ചു നീക്കപ്പെട്ട സ്കൂളിന് പകരം പുതിയ സ്കൂൾ നിർമ്മിക്കുവാൻ മാനേജ്‌മെൻറ് തയ്യാറായില്ല. ആവശ്യത്തിന് സ്ഥലസൗകര്യവും, ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വളരെ വലിയ നഷ്ടപരിഹാരം കിട്ടിയിട്ടും പുതിയ കെട്ടിടം പണിയാൻ അവർ വിസമ്മതിച്ചു .

ഇവർക്ക് ലഭിച്ച നഷ്ടപരിഹാരത്തിന് പി.ടി.എ നിർമിച്ച മതിലും സർക്കാർ ഫണ്ടുപയോഗിച്ചു നിർമിച്ച അടുക്കളയും സുനാമി ഫണ്ടിൽ പണിത 5 ടോയ്‌ലറ്റ് സമുച്ചയം വരെ ഉൾപ്പെട്ടിരുന്നു എന്നതാണ് വസ്തുത.

ഒരുപാട് പാവപ്പെട്ട കുട്ടികളുടെ ആശ്രയമായ സ്കൂൾ നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്കും സ്കൂളിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും സഹിക്കാവുന്നതിലും അധികമായിരുന്നു.

കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ പൊളിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും സ്ഥലമുണ്ടായിരുന്നില്ല.

അടുത്തൊരു വീടിന്റെ ചായ്പ്പിൽ ഷീറ്റ് കെട്ടിയാണ് കുഞ്ഞു മക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്. എന്നിട്ടും എന്റെ കുഞ്ഞുങ്ങൾ മുടങ്ങാതെ മുഴുവൻ ദിവസവും സ്കൂളിൽ വന്നിരുന്നു.

പൊതുപ്രവര്‍ത്തകൻ കെ. സൈനുദ്ദീനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9ന് അപേക്ഷ നൽകിയത്.

ഉടനെയിതു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ശിവൻകുട്ടി സാർ എത്രയും പെട്ടെന്ന് ഇടപെട്ട് മേയ് 22ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

കൂടാതെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ സൗകര്യമുള്ള പകരം സംവിധാനവും ലഭ്യമാക്കി.

ഇതെല്ലാം കേവലം 13 ദിവസം മാത്രമെടുത്താണ് അനുവദിച്ചത് എന്നതാണ് ഏറ്റവും അഭിനന്ദനീയം .

36 വര്‍ഷം ഈ സ്കൂളിലെ അധ്യാപിക, പ്രധാനാധ്യാപികയായി ജോലി ചെയ്ത് ഈ വർഷം പടിയിറങ്ങിയ എനിക്ക് ഈ സ്കൂൾ ഇനിയും ഒരുപാട് കാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിൽ പരം വലിയ സന്തോഷം മറ്റൊന്നുമില്ല

പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള പൂർണ്ണ സാഹചര്യം ഒരുക്കി തന്ന കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രീ,

അങ്ങേക്ക് ഈ നാടിൻ്റെ മുഴുവൻ പിറന്നാളാശംസകളും,

ഒപ്പം നിന്ന വിദ്യാഭ്യാസ മന്ത്രീ, അങ്ങേക്ക് എന്റെയും പാലപ്പെട്ടിക്കാരുടേയും സ്നേഹാശംസകളും....




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News