'വായിൽനിന്ന് അറിയാതെ വീണുപോയ തെറ്റ്'; പൂജാരി സമൂഹത്തോട് മാപ്പുചോദിച്ച് രേവത് ബാബു
ഹിന്ദിക്കാരുടെ കുട്ടിയായതുകൊണ്ട് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാര്‍ കൂട്ടാക്കിയില്ലെന്ന് രേവത് ആരോപിച്ചിരുന്നു
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന ആരോപണത്തിൽ മാപ്പുചോദിച്ച് ചാലക്കുടി സ്വദേശി രേവത് ബാബു. പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചത് വായിൽനിന്നു വീണുപോയ തെറ്റാണ്. ഇതിൽ ക്ഷമചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂജാരിമാർക്കെതിരെ വ്യാജ ആരോപണം നടത്തിയെന്ന് കാണിച്ച് ആലുവ റൂറൽ എസ്.പിക്ക് പരാതി ലഭിച്ചിരുന്നു.
'എനിക്കു തെറ്റുപറ്റി. വായിൽനിന്ന് അറിയാതെ വീണുപോയ വാക്കാണ്. എത്രയോ കാലമായി പൂജ പഠിച്ച്, ത്യാഗം ചെയ്താണ് പൂജാരിയാകുന്നത്. പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചത് വായിൽനിന്നു വീണുപോയ തെറ്റാണ്. ഇന്നലെയുണ്ടായത് പൂജാരി സമൂഹത്തോടു ചെയ്ത വലിയ തെറ്റാണ്. അതിനു മാപ്പുചോദിക്കുന്നു.'-ഫേസ്ബുക്ക് ലൈവിൽ രേവത് പറഞ്ഞു.
മിനിഞ്ഞാന്നു രാത്രി മെഡിക്കൽ കോളജിൽനിന്ന് അമൃത മെഡിക്കൽ കോളജിലേക്ക് ഒരു രോഗിയെ എത്തിക്കാനുള്ള ഓട്ടമുണ്ടായിരുന്നു. ഓട്ടം പോയി തിരിച്ച് തൃശൂരിലേക്കു പോകുന്നതിനിടയിൽ വീട്ടിൽ കയറി മടങ്ങുകയായിരുന്നു. അപ്പോഴാണ് കുട്ടിയുടെ ഭൗതികശരീരം വന്നിട്ടില്ലെന്നു പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകർമം ചെയ്യാൻ പൂജാരിയെ വേണമെിന്ന് ആവശ്യപ്പെട്ടത്. പൂജാരിയല്ല അന്ത്യകർമം ചെയ്യുന്നതെന്നു പലരും വിളിച്ചുപറഞ്ഞിരുന്നുവെന്നും രേവത് ബാബു പറഞ്ഞു.
രേവത് ബാബുവാണ് കുട്ടിയുടെ അന്ത്യകർമം ചെയ്തിരുന്നത്. നേരത്തെ കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പല പൂജാരിമാരോടും ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ലെന്ന് ഇതിനുശേഷം രേവത് മാധ്യമങ്ങൾക്കുമുന്നിൽ ആരോപിച്ചു. ഹിന്ദിക്കാരുടെ കുട്ടിയായതുകൊണ്ടാണ് ഇത്തരം സമീപനമെന്നും ആരോപണം തുടരുന്നു. എന്നാൽ, മാധ്യമശ്രദ്ധ നേടാൻ വേണ്ടിയാണ് പൂജാരിമാർക്കെതിരെ വ്യാജ ആരോപണം നടത്തിയതെന്നും മതസ്പാർധയുണ്ടാക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് ആലുവ സ്വദേശിയായ അഭിഭാഷകൻ ജിയാസ് ജമാൽ റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
Summary: Revat Babu, a native of Chalakudy, has apologized for the allegation that the priests refused to perform the last rites of the five-year-old girl who was killed in Aluva.